ഇന്ത്യയിലാദ്യം തിരുവനന്തപുരത്ത്, അദാനിയുടെ നീക്കത്തിന് അഭിനന്ദനപ്രവാഹം

Wednesday 17 July 2024 7:44 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നത് പുത്തന്‍ സാങ്കേതിക വിദ്യ. ഇനി മുതല്‍ വിമാനത്താവളത്തിലെ കനാലുകളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു വിമാനത്താവളത്തില്‍ ഇത്തരം ജോലികള്‍ക്കായി റോബോട്ടുകളെ വാങ്ങുന്നത്. ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സ് എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ ഉപയോഗിക്കുന്നതിന് അനുയോജ്യമായി പുതിയ റോബോട്ടിനെ നിര്‍മിച്ച് നല്‍കുകയാണ് ചെയ്യുക. വിമാനത്താവളത്തിന്റെ ആവശ്യം അനുസരിച്ചാകും നിര്‍മാണം. 60 ദിവസങ്ങള്‍ക്കുള്ളില്‍ റോബോട്ടിനെ വിമാനത്താവള അധികൃതര്‍ക്ക് കൈമാറാനാണ് നിര്‍മാതാക്കളുടെ ശ്രമം. എത്ര രൂപയ്ക്കാണ് കരാര്‍, ഒന്നിലധികം റോബോട്ടുകളെ നിര്‍മിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പക്ഷേ വ്യക്തമായിട്ടില്ല.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ മാലിന്യം കൊണ്ടുപോകുന്ന കനാലുകള്‍ വൃത്തിയാക്കാന്‍ റോബോട്ടിനെ വാങ്ങണമെന്ന ചര്‍ച്ച നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന ജെന്‍ റോബോട്ടിക്‌സിന്റെ റോബോട്ടുകളുടെ സേവനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് അന്തിമ തീരുമാനത്തിലെത്തിയത്.