മഴ, വൈദ്യുതി അപകടങ്ങൾ നടപടി വിരൽതുമ്പിൽ

Thursday 18 July 2024 12:53 AM IST

കോലഞ്ചേരി: മഴ ശക്തമായതോടെ വൈദ്യുത പോസ്റ്റുകൾ മറിഞ്ഞുള്ള അപകടങ്ങളും വർദ്ധിച്ചു. അല്പം ശ്രദ്ധ അപകടങ്ങൾ കുറയ്ക്കുമെന്ന് വൈദ്യുത വകുപ്പ് മുന്നറിയിപ്പ്.

മരക്കൊമ്പ് വീണും മ​റ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുള്ളതിനാൽ ഇത്തരം മേഖലകളിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മ​റ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കരുത്.

 വൈദ്യുത വകുപ്പ് വിളിപ്പുറത്ത്

അപകടമോ അപകടസാദ്ധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ വിളിപ്പുറത്ത് വൈദ്യുതി വകുപ്പ് പാഞ്ഞെത്തും. തിരുവനന്തപുരം വൈദ്യുത ഭവനിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. സംസ്ഥാനത്തെ മുഴുവൻ വൈദ്യുത ഓഫീസുകളെ ബന്ധിപ്പിച്ച ഹോട്ട് ലൈൻ സംവിധാനം വഴി വേഗത്തിൽ പരിഹാരമാകും.

9496010101, 9496061061 എന്നീ നമ്പറുകളിലാണ് വിളിക്കേണ്ടത്. അപകടം നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം വൈദ്യുത സെക്ഷൻ ഓഫീസ് കൂടി പറഞ്ഞാൽ നടപടിക്ക് വേഗമേറും. സെക്ഷൻ അറിയാത്തവർ തൊട്ടടുത്ത ആളുടെ 13 അക്ക കൺസ്യൂമർ നമ്പർ പറഞ്ഞാലും മതി.

 വാട്‌സപ്പിലും വിവരമറിയിക്കാം 9496001912

 വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ നമ്പർ വിളിക്കാം.

Advertisement
Advertisement