പക്ഷി സങ്കേതത്തിലെത്താം ഇനി​  പ്രകൃതി സഞ്ചാര പാതയിലൂടെ

Thursday 18 July 2024 12:02 AM IST
കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക് നിർമ്മാണം പൂർത്തിയായി വരുന്ന​ പ്രകൃതി സഞ്ചാര പാത

കടലുണ്ടി​: പരിസ്ഥിതി സൗഹൃദ ടൂറിസം ലക്ഷ്യമാക്കി കടലുണ്ടി പക്ഷി സങ്കേതത്തിൽ ​നിർമ്മിക്കുന്ന പ്രകൃതി സഞ്ചാര പാത (വോക് വേ)​ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കടലുണ്ടിപ്പുഴയോരത്ത് ടൂറിസം വകുപ്പ് നിർമിക്കുന്ന പാതയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. പാർശ്വഭിത്തി കെട്ടി നിരപ്പാക്കിയ പാതയിൽ പൂട്ടുകട്ട പാകുന്ന പ്രവൃത്തി​യാണ് പുരോഗമിക്കുന്നത്. അലങ്കാര വിളക്കുകൾ, കൈവരി എന്നിവയുടെ പ്രവൃത്തി പൂർത്തിയായി. ഇരിപ്പിടങ്ങൾ, ശുചിമുറി, കഫെറ്റീരിയ, ലാൻഡ് സ്കേപ്പിംഗ് എന്നിവ ഒരുക്കണം. കടലുണ്ടിയുടെ ടൂറിസം വികസനം മുന്നിൽകണ്ട് കമ്യൂണിറ്റി റിസർവ് ഓഫീസ് പരിസരം മുതൽ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോമീറ്റർ ദൂരത്തിൽ പുഴയോരത്ത് നടപ്പാത നിർമിക്കാനാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയിലാണ് നിലവിലെ പ്രവൃത്തി പൂർത്തിയായി വരുന്നത്. രണ്ടാം ഘട്ടത്തിൽ ചെമ്പേത്തോട് കടലുണ്ടിപ്പുഴയിൽ ചേരുന്ന ഭാഗത്ത് പാലം നിർമിച്ച് നടപ്പാത കടലുണ്ടിക്കടവ് പാലം പരിസരത്തേക്ക് നീട്ടാനാണ് ഉദ്ദേശ്യം. സർവേ നടത്തി പുഴയോരത്തെ അതിർത്തി നിർണയം നടത്തിയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.

പാതയുടെ ചെലവ്

1.35 കോടി

നീളം

200 മീറ്റർ

വീതി 2 മീറ്റർ

Advertisement
Advertisement