നല്ലവിലയും ഉത്പാദനത്തിൽ കുറവും, കർഷകന് ഗുണമി​ല്ലാതെ മാങ്കോസ്റ്റിൻ കാലം

Thursday 18 July 2024 12:59 AM IST

കോന്നി : മാങ്കോസ്റ്റിന് ഇത് നല്ലകാലമാണെങ്കി​ലും കർഷകർക്ക് അത്ര നല്ലതല്ല. പ്രതികൂല കാലാവസ്ഥയിലും വില 200 കടന്നിരിക്കുന്നു. വില കൂടിയെങ്കിലും ജില്ലയിലെ കർഷകർക്ക് കാര്യമായ പ്രയോജനമില്ല, ഉൽപാദനത്തിൽ വന്ന ഇടിവാണ് കാരണം. കഴിഞ്ഞവർഷം കിലോയ്ക്ക് 70 രൂപയാണ് മലയോരമേഖലയിലെ കർഷകർക്ക് ലഭിച്ചത്. ഉൽപാദനത്തിലെ കുറവ് വിലവർദ്ധനയ്ക്ക് കാരണമായെന്നാണ് കർഷകർ പറയുന്നത്. നിരവധി മാങ്കോസ്റ്റിൻ കർഷകർ കോന്നിയിലുണ്ട്. 2020ൽ കർഷകരെ സഹായിക്കാൻ കോന്നി ക്വീൻ എന്ന പേരിൽ പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കോന്നിയിൽ നിന്ന് മാങ്കോസ്റ്റിൻ കയറ്റിയയ്ക്കുന്നത്. മെയ്‌, ജൂൺ മാസങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് നിരവധി കച്ചവടക്കാർ ഇവിടെയെത്തി മാങ്കോസ്റ്റീൻ സംഭരിക്കുന്നു.

മലേഷ്യയിൽ നിന്ന് എത്തിയ അതിഥി

80 വർഷങ്ങൾക്കു മുൻപ് മലേഷ്യയിൽ നിന്ന് എത്തിച്ച തൈകളാണ് കോന്നിയെ മാങ്കോസ്റ്റിന്റെ നാടാക്കിയത്. മരം നട്ട് പത്തുവർഷമാകുമ്പോൾ വിളവ് ലഭിച്ച് തുടങ്ങും. ഒരുമരത്തിന് 200 വർഷം വരെ ആയുസുണ്ട്. അച്ചൻകോവിലാറിന്റെ തീരങ്ങളിൽ മാങ്കോസ്റ്റിൻ കൃഷി ചെയ്തുവരുന്നു.

മേയ്, ജൂൺ മാസങ്ങളിലാണ് വിളവെടുപ്പ്.

കഴിഞ്ഞ വർഷത്തെ വില : 70 രൂപ (ഒരു കിലോ)

ഇത്തവണത്തെ വില ‌: 200 രൂപ (ഒരു കിലോ)

ഇത്തവണ വിലവർദ്ധിച്ചെങ്കിലും മലയോര

മേഖലയിൽ ഉത്പാദനം കുറഞ്ഞു.

ജോജി വർഗീസ് (മാങ്കോസ്റ്റിൻ കർഷകൻ)

Advertisement
Advertisement