ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രകാശം നിറച്ച് സഞ്ജയ്

Thursday 18 July 2024 12:01 AM IST
സഞ്ജയ് വർഗീസും ഭാര്യ ലിസിയും ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ

തിരുവല്ല: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജീവിതത്തിൽ പകർന്നു നൽകിയ പ്രകാശമാണ് തിരുവല്ല ഒാതറ സ്വദേശിയും ജെ.എൻ ലൈറ്റ്സ് ഉടമയുമായ സഞ്ജയ് വർഗീസിനെ കടബാദ്ധ്യതകളിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ഏഴര ലക്ഷം രൂപ ചെലവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചപ്പോൾ സഞ്ജയ് വർഗീസിന്റെ മനസിന്റെ സ്നേഹ പ്രകാശമാണ് അവിടെയാകെ പരക്കുന്നത്. കടബാദ്ധ്യതകളെ തുടർന്ന് സഞ്ജയ് വർഗീസിന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവിട്ടതാണ്. ഉമ്മൻചാണ്ടിയുടെ ഇടപെടലാണ് രക്ഷയായത്.

'' ഒരു ദിവസം കബറിടത്തിൽ ചെന്നപ്പോൾ നല്ല ഇരുട്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രകാശം ചൊരിഞ്ഞ ആളാണ് അവിടെ അന്തിയുറങ്ങുന്നത്. അതുകൊണ്ട് അനുവാദം വാങ്ങി അവിടെ ഒരു ലൈറ്റ് സ്ഥാപിച്ചു. അന്നു തെളിച്ച ദീപം ഇന്നും നിലനിൽക്കട്ടെ എന്നെഴുതിയ ബോർഡും സ്ഥാപിച്ചു''- സഞ്ജയ് പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നാണ് ഒാതറ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ.എൻ ലൈറ്റിംഗ്സ് ഉടമ സഞ്ജയ് ഉമ്മൻചാണ്ടിയെ കാണാൻ പോയത്. അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്ത് നടത്തിയ റബർ അധിഷ്ഠിത വ്യവസായം തകർന്നതോടെ കടംകയറി. വീട് ലേലത്തിൽ വച്ചതോടെ സഞ്ജയുടെ പിതാവ് വി.പി തോമസ് ഹൃദയാഘാതത്താൽ മരണപ്പെട്ടു. നാൽപ്പത് വർഷം ഡൽഹിയിൽ ബിസിനസ് നടത്തിയശേഷം സ്വന്തമായി വ്യവസായം ആരംഭിക്കണമെന്ന ആഗ്രഹവുമായി നാട്ടിലെത്തിയ സഞ്ജയ് ചെങ്ങന്നൂർ വ്യവസായ പാർക്കിൽ തുരിശ് ഫാക്ടറി തുടങ്ങി. റബറിന്റെ വിലയിടിവിനെ തുടർന്ന് ബിസിനസ് പ്രതിസന്ധിയിലായി. പലിശ കൂടി ഇൗടുവച്ച വീടും സ്ഥലവും ഫാക്ടറിയും നഷ്ടപ്പെടുന്ന സ്ഥിതി. ഭാര്യ ലിസി കിടപ്പുരോഗിയായ അമ്മയെയും കൊണ്ട് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലെത്തി. നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പരിഗണിക്കാനും വീട് ഒഴിവാക്കാനും നിർദേശിച്ചു. എന്നിട്ടും കാലതാമസമുണ്ടായപ്പോൾ മുഖ്യമന്ത്രി വീണ്ടും ഇടപെട്ടതോടെയാണ് വീടും ജീവിതവും തിരികെ കിട്ടിയതെന്ന് സഞ്ജയ് പറഞ്ഞു. കേരളത്തിലെ ഇലക്ട്രിക്കൽ കോൺട്രാക്ടിംഗ് കമ്പനിയുടെ പ്രമുഖ കരാറുകാരനും കേരള പി.എം.സി കോൺട്രാക്ടർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സഞ്ജയ്.

Advertisement
Advertisement