ബാങ്കുകള്‍ ലോണ്‍ അപേക്ഷകള്‍ തള്ളുന്നു, അതിനുള്ള കാരണം ഇതാണ്

Wednesday 17 July 2024 11:14 PM IST

ഉയര്‍ന്ന ശമ്പളം ഉണ്ടെങ്കിലും ബാങ്കുകള്‍ നിങ്ങളുടെ വായ്പ അപേക്ഷ പരിഗണിക്കാതെ തള്ളിക്കളയുന്നുണ്ടോ? എങ്കില്‍ അതിന് നിരവധി കാരണങ്ങളുണ്ടാകം. സ്വന്തമായി ഒരു കാര്‍, വസ്തു, ഭവന നിര്‍മാണം, ബിസിനസ് ആവശ്യം അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സ്വന്തമായി കൈവശമുള്ള തുക തികയാതെ വന്നാല്‍ പിന്നെ ഒരു വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുകയെന്നതാണ് സാധാരണക്കാര്‍ എല്ലാവരും ചെയ്യുന്നത്. ഇതിനായി വിവിധ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടി വരും.

കൃത്യമായി എല്ലാമാസവും ഉയര്‍ന്ന ശമ്പളം ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്നയാളായിട്ടും വായ്പയ്ക്കുള്ള അപേക്ഷ തള്ളിപ്പോകുകയാണെങ്കില്‍ അതിന് നിരവധി കാരണങ്ങളുണ്ട്. ഒരു വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഒപ്പം കൈവശം ഉറപ്പായും കരുതേണ്ടതുമായ രേഖകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ക്രെഡിറ്റ് സ്‌കോര്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടത്. ഒരു വായ്പയ്ക്ക് നിങ്ങളെ അര്‍ഹനാക്കുന്നതും അനര്‍ഹനാക്കുന്നതും സാമ്പത്തിക റിപ്പോര്‍ട്ടായ ക്രെഡിറ്റ് സ്‌കോര്‍ ആണ്.

തിരിച്ചടവിന്റെ കാര്യത്തില്‍ നിങ്ങളുടെ ശേഷിയും കൃത്യതയും പരിശോധിക്കുന്നത് ഈ രേഖയുടെ അടിസ്ഥാനത്തിലാണ്. ക്രെഡിറ്റ് സ്‌കോര്‍ കുറവുള്ള ഒരു വ്യക്തിക്ക് വായ്പ ലഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു വ്യക്തിക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ പരിശോധിക്കുന്ന കാര്യങ്ങളാണ് മിനിമം വരുമാനം, മറ്റ് ലോണുകളുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവ് സംബന്ധിച്ച റിപ്പോര്‍ട്ട്, വായ്പ എടുക്കുന്ന വ്യക്തിയുടെ പ്രായം തുടങ്ങിയവ. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് ലോണ്‍ ലഭിക്കുന്നതിന് തടസമാകും.

വായ്പയ്ക്കുള്ള അപേക്ഷയ്ക്ക ഒപ്പം സമര്‍പ്പിക്കുന്ന രേഖകളും വളരെ പ്രധാനപ്പെട്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം നല്‍കേണ്ട രേഖകളില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ നിങ്ങളുടെ അപേക്ഷ തള്ളിപ്പോകും.വായ്പ ഏതായാലും, അപേക്ഷയുടെ പ്രോസസ്സിംഗിനും അംഗീകാരത്തിനും ശരിയായ ഡോക്യുമെന്റേഷന്‍ പ്രധാനമാണ്. അതിനാല്‍, വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശരിയായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുന്നത് പലപ്പോഴും അത് നിരസിക്കാന്‍ ഇടയാക്കുന്നു.

Advertisement
Advertisement