ലൈസൻസിന് ടെസ്റ്റ് കാത്ത് അരലക്ഷം പേർ

Thursday 18 July 2024 12:13 AM IST

മലപ്പുറം: ലേണേഴ്സ് ടെസ്റ്റിന്റെ കാലാവധി തീരാറായവർ അടക്കം അരലക്ഷത്തോളം പേർ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ലോട്ട് ലഭിക്കാതെ കാത്തിരിപ്പിൽ. ലേണേഴ്സിന് ആറ് മാസമാണ് കാലാവധി. ഇതിനുള്ളിൽ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾ എടുത്തില്ലെങ്കിൽ ലേണേഴ്സ് പരീക്ഷ വീണ്ടുമെഴുതണം. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം മൂലം ആഴ്ചകളോളം ടെസ്റ്റുകൾ മുടങ്ങിയിരുന്നു. എന്നാൽ ഈ സമയവും ലേണേഴ്സ് പരീക്ഷ തുടരുന്നതിനാൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണം കുമിഞ്ഞൂകൂടിയിട്ടുണ്ട്. അപേക്ഷകൾ അതിവേഗത്തിൽ തീർപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആവർത്തിക്കുമ്പോഴും അപേക്ഷകൾ കാര്യമായി തീർപ്പാക്കാനാവുന്നില്ല. മലപ്പുറം സബ് ആർ.ടി ഓഫീസിന് കീഴിൽ 9,​000ത്തോളവും തിരൂരിൽ ഏഴായിരത്തോളവും അപേക്ഷകളുണ്ട്.

പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, പൊന്നാനി സബ് ആർ.ടി ഓഫീസുകളിൽ ശരാശരി 5,​000ത്തിന് മുകളിൽ അപേക്ഷകളുണ്ട്. പുതിയ ചട്ടപ്രകാരം ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളേ നടത്താനാവൂ. മിക്ക സബ് ആർ.ടി ഓഫീസുകളിലും രണ്ട് എം.വി.ഐമാരാണുള്ളത്. അധികമായി ടെസ്റ്റുകൾ നടത്താൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്ന് എം.വി.ഐമാരെ നിയോഗിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഉറപ്പേകിയിരുന്നെങ്കിലും ജില്ലയിലെ ഏഴ് സബ് ആർ.ടി ഓഫീസുകളിലേക്കായി ആകെ ഒരു എം.വി.ഐയെയും ഒരു എ.എം.വി.ഐയെയും ആണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിലെ എൻഫോഴ്സ്‌മെന്റ് വിഭാഗം തന്നെ മതിയായ ജീവനക്കാരില്ലാതെ പ്രയാസപ്പെടുന്നുണ്ട്. ഇവരെ ഡ്രൈവിംഗ് ടെസ്റ്റിലേക്ക് കൂടി മാറ്റിയാൽ റോഡിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ ആളില്ലാത്ത സ്ഥിതി വരുമെന്നതാണ് പ്രതിസന്ധി.

സ്വന്തം ഗ്രൗണ്ട് നീളും

നിലമ്പൂർ, പെരിന്തൽമണ്ണ, എടപ്പാൾ, പൊന്നാനി എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് ജൂൺ അവസാനത്തോടെ ഡ്രൈവിംഗ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. ഗ്രൗണ്ട് ഒരുക്കുന്ന പ്രവൃത്തികൾ പൂർത്തിയാവാനുണ്ട്. നിലവിൽ ജില്ലയിൽ ടെസ്റ്റ് നടക്കുന്ന ഏഴ് ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്‌കൂളുടമകൾ വാടകയ്ക്കെടുത്തതാണ്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകൾ ബഹിഷ്‌കരണ സമരം നടത്തിയിരുന്നു. ചിലയിടങ്ങളിൽ ടെസ്റ്റ് ഗ്രൗണ്ട് അടച്ചിട്ടു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം ഡ്രൈവിംഗ് ഗ്രൗണ്ട് സജ്ജമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.

ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. എന്ന് തയ്യാറാവുമെന്ന് ഇപ്പോൾ പറയാനാവില്ല.

സി.വി.എം ഷെരീഫ്,​ ആർ.ടി.ഒ

Advertisement
Advertisement