റെക്കാഡ് പുതുക്കി സ്വർണക്കുതിപ്പ്

Thursday 18 July 2024 12:20 AM IST

കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സ്വർണ വില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,482 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ടു. മുംബയിൽ സ്വർണം പത്ത് ഗ്രാമിന് പത്ത് രൂപ വർദ്ധിച്ച് 74,030 രൂപയിലെത്തി. നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതിനാൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് സെപ്തംബറിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് നിക്ഷേപ താത്പര്യം വർദ്ധിപ്പിച്ചത്. ഇപ്പോഴത്തെ ട്രെൻഡുകളനുസരിച്ച് ഈ വാരം രാജ്യാന്തര സ്വർണ വില ഔൺസിന് 2,500 ഡോളർ കടക്കാനിടയുണ്ട്.

അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നു. നാണയപ്പെരുപ്പം ഫെഡറൽ റിസർവ് ലക്ഷ്യമിടുന്ന രണ്ട് ശതമാനത്തിലേക്ക് താഴുന്നതിനാൽ പലിശ കുറഞ്ഞേക്കുമെന്ന സൂചന കേന്ദ്ര ബാങ്കിന്റെ ചെയർമാൻ ജെറോം പവൽ നൽയിരുന്നു.

കേരളത്തിലും വില ഉയരുന്നു

രണ്ട് ദിവസത്തിനിടെ കേരളത്തിൽ സ്വർണ വില പവന് ആയിരം രൂപയാണ് കൂടിയത്. ഇന്നലെ കൊച്ചിയിൽ സ്വർണ വില പവന് 720 വർദ്ധിച്ച് 55,000 രൂപയിലെത്തി. ഗ്രാമിന്റെ വില 90 രൂപ ഉയർന്ന് 6,875 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്.

ആഭരണം വാങ്ങാൻ 60,000 രൂപ വേണം

സ്വർണ വില, പണിക്കൂലി, മൂന്ന് ശതമാനം ചരക്ക് സേവന നികുതി, ഹാൾമാർക്കിംഗ് ചാർജുകൾ ഉൾപ്പെടെ നിലവിൽ ഒരു പവൻ ആഭരണത്തിന്റെ വില 60,000 രൂപയ്ക്ക് അടുത്താകും. മേയ് 20ന് രേഖപ്പെടുത്തിയ 55,120 രൂപയാണ് നിലവിൽ കേരളത്തിൽ പവന്റെ റെക്കാഡ് വില.

കുതിപ്പിന് പിന്നിൽ

അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത

സ്വർണ ശേഖരം വർദ്ധിപ്പിക്കുന്ന കേന്ദ്ര ബാങ്കുകൾ

സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള വാങ്ങൽ താത്പര്യം

ചൈനയിലെ സാമ്പത്തിക പ്രതിസന്ധി

കേരളത്തിലെ പവൻ വില

55,000 രൂപ

Advertisement
Advertisement