ജുഡി. കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക്, പൂക്കോട് വെറ്ററിനറി ക്യാമ്പസിൽ അരാജകത്വം, സിദ്ധാർത്ഥ് ആക്രമിക്കപ്പെട്ടത് അറിഞ്ഞിട്ടും അന്വേഷിച്ചില്ല, വി.സിയും ഡീനും വീഴ്ചവരുത്തി

Thursday 18 July 2024 12:15 AM IST

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥിന്റെ ദാരുണമരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് വി.സിയായിരുന്ന ഡോ.എം.ആർ.ശശീന്ദ്രനാഥ്, ഹോസ്റ്റൽ വാർ‌ഡൻ കൂടിയായ ഡീൻ ഡോ.നാരായണൻ എന്നിവർക്ക് ഒഴിയാനാവില്ലെന്ന് ഗവർണർ നിയോഗിച്ച റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മിഷന്റെ റിപ്പോർട്ട്. രണ്ടുപേരും ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു.

ഫെബ്രുവരി 16,17 തീയതികളിൽ സിദ്ധാർത്ഥ് ആക്രമിക്കപ്പെട്ടത് വിദ്യാർത്ഥികൾ അസി.വാർഡനെ അറിയിച്ചിരുന്നു. എന്നാൽ, അന്വേഷിക്കാനോ സിദ്ധാർത്ഥിനെ ആശുപത്രിയിലെത്തിക്കാനോ നടപടിയെടുത്തില്ല. വാഴ്സിറ്റിയിൽ അരാജകത്വവും മാനേജ്മെന്റ് പിഴവുമുണ്ട്. അടിയന്തരമായ തിരുത്തലുകൾ വേണം. റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു.

വൈസ്ചാൻസലർ ചുമതലകളിൽ ഗുരുതരവീഴ്ച വരുത്തി. സംഭവദിവസം ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി സമയബന്ധിതമായി നടപടികളെടുത്തില്ല. സിദ്ധാർത്ഥിന്റെ മരണത്തിന് മുൻപ് രണ്ട് റാഗിംഗ് സംഭവങ്ങളുണ്ടായിട്ടും വി.സി അറിഞ്ഞില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ല. കോളേജിലെ ചില അദ്ധ്യാപകർക്ക് അറിയാമായിരുന്നു.

വാർഡൻ എന്ന നിലയിലെ ചുമതലകൾ നിർവഹിക്കുന്നതിൽ ഡീൻ പരാജയപ്പെട്ടു. അസി.വാർഡർമാരെ ചുമതലയേൽപ്പിച്ച് ഹോസ്റ്റലുകളിലെ ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിന്നു. വല്ലപ്പോഴുമാണ് മെൻസ് ഹോസ്റ്റലിലെത്തിയിരുന്നത്. ഹോസ്റ്റലിലെ അച്ചടക്കം ഉറപ്പാക്കാൻ ശ്രമിച്ചില്ല. സിദ്ധാർത്ഥിന്റെ മരണശേഷം ഹോസ്റ്റലിലെത്തിയ വാർഡൻ വിവേകപൂർവം പ്രവർത്തിച്ചില്ല. വാർഡന് സിദ്ധാർത്ഥ് മരിച്ചതായി ഹോസ്റ്റലിലെത്തിയപ്പോഴേ മനസിലായി. വാർഡൻ എത്തും മുൻപേ വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ മനസിലാക്കിയിരുന്നു. യഥാസമയം പൊലീസിനെ അറിയിക്കാനുമായില്ല.

ഹോസ്റ്റലിൽ അച്ചടക്കം ഉറപ്പാക്കുന്നതിൽ അസി.വാർഡനും പരാജയപ്പെട്ടു. അദ്ദേഹം ഹോസ്റ്റലിൽ സ്ഥിരമായി എത്തിയിരുന്നില്ല. സീനിയർ വിദ്യാർത്ഥികളുടെ പൂർണനിയന്ത്രണത്തിലായിരുന്നു ഹോസ്റ്റൽ.

മുന്നറിയിപ്പ്

അവഗണിച്ചു

ഹോസ്റ്റലിൽ സി.സി ടിവി ക്യാമറ വേണമെന്നും സെക്യൂരിറ്റി ഗാർഡിനെ നിയോഗിക്കണമെന്നും അസി. വാർഡൻ നേരത്തേ ചൂണ്ടിക്കാട്ടിയിട്ടും വി.സിയടക്കം ഒരു നടപടിയുമെടുത്തില്ല. സിദ്ധാർത്ഥിന്റെ മരണത്തിനുശേഷം ഡീൻ വി.സിക്ക് തുടർച്ചയായി റിപ്പോർട്ടുകൾ നൽകി. അതിനുമുൻപ് ഇത്തരം ആശയവിനിമയം നടന്നതായി രേഖകളില്ല.

ആക്രമിക്കപ്പെട്ടത് രാഷ്ട്രീയ

വൈരത്തിന്റെ പേരിലല്ല

സിദ്ധാർത്ഥ് നേരിട്ട ക്രൂരതയ്ക്ക് വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല

സിദ്ധാർത്ഥ് ആക്രമിക്കപ്പെട്ടത് എസ്.എഫ്.ഐയുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലല്ല

പ്രതികളിൽ ചിലർ എസ്.എഫ്.ഐക്കാരാണ്. മറ്റ് ചിലർക്ക് രാഷ്ട്രീയ ബന്ധമില്ല

രാഷ്ട്രീയ സംഘടനയുമായി സിദ്ധാർത്ഥിന് അഭിപ്രായ ഭിന്നതയില്ലായിരുന്നെന്ന് വിദ്യാർത്ഥികൾ മൊഴി നൽകി

ഫെബ്രുവരി 16,17 തീയതികളിൽ രാത്രിയിൽ സിദ്ധാർത്ഥിനെ പീഡിപ്പിച്ചതായുള്ള രേഖകളോ, തെളിവുകളോ മൊഴികളോ കമ്മിഷന് ലഭിച്ചിട്ടില്ല

Advertisement
Advertisement