ജോലി ഭാരത്തിൽ മുന്നിൽ, ശമ്പളത്തിൽ പിന്നിൽ ഇത് കേരള മോഡൽ ഫയർഫോഴ്സ്
ആലപ്പുഴ: ആമയിഴഞ്ചാൻതോട്ടിലെ രക്ഷാപ്രവർത്തനത്തെ തുടർന്ന് കേരളം മുഴുവൻ വാഴ്‌ത്തുന്ന ഫയർ ഫോഴ്സിനോട് ശമ്പളമടക്കമുള്ള കാര്യങ്ങളിൽ സർക്കാരിൽ നിന്ന് കിട്ടുന്നത് അവഗണന. ഒരേ വകുപ്പിന് കീഴിൽ തുല്യയോഗ്യതയും പരീക്ഷയും ഫിസിക്കൽ ടെസ്റ്റും പാസായെത്തുന്ന ഫയർ ഫോഴ്സിന് പൊലീസിനേക്കാൾ താഴ്ന്ന ശമ്പള സ്കെയിലാണ്.
2012 വരെ ഒരേശമ്പള സ്കെയിലായിരുന്നു. തുടർന്നുള്ള ശമ്പള കമ്മിഷൻ പരിഷ്‌കരണത്തിലാണ് അടിസ്ഥാന ശമ്പളത്തിൽ പൊലീസിനേക്കാൾ 3200 രൂപ കുറഞ്ഞത്. പൊലീസിന് ജോലിഭാരം കൂടുതലാണെന്ന ശമ്പളകമ്മിഷന്റെ കണ്ടെത്തലാണ് തിരിച്ചടിയായത്. ശമ്പളക്കമ്മിഷന് മുന്നിൽ ജോലിഭാരം വിശദീകരിക്കാൻ സാധിച്ചില്ലെന്ന് സേനയിൽ തന്നെ ആക്ഷേപമുണ്ട്.
റിസ്‌ക്ക്-യൂണിഫോം അലവൻസും പൊലീസിനെക്കാൾ കുറവാണ്. പൊലീസിലേതിനെക്കാൾ വേഗത്തിലാണ് ഫയർ ഫോഴ്സ് ജീവനക്കാരുടെ യൂണിഫോം നശിക്കുന്നത്. അതിനാൽ യൂണിഫോമിനായി വർഷം രണ്ട് അലവൻസ് നൽകണമെന്നാണ് സേനയുടെ ആവശ്യം. വർഷം 5500 രൂപയാണ് നിലവിലെ അലവൻസ്.
അതിനിടെ കേന്ദ്രത്തിന്റെ പൊലീസ് ക്യാന്റീൻ ഉപഭോക്താക്കളുടെ പുതിയ പട്ടികയിൽ നിന്നും ഫയർ ഫോഴ്സിനെ പുറത്താക്കി. കേരളത്തിൽ അഭ്യന്തരവകുപ്പിന് കീഴിലാണെങ്കിലും, മറ്റിടങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. ഇതോടെ സബ്സിഡി സാധനങ്ങളുടെ ആനുകൂല്യവും ഇല്ലാതായി.
ഫയർ ഫോഴ്സിന് സ്വന്തം മാനുവൽ പോലുമില്ല.1963ൽ നിയമസഭാ പാസാക്കിയ ഫയർ ഫോഴ്സ് ആക്ട് ഇതുവരെ ചട്ടമായി മാറിയിട്ടില്ല. മേധാവികൾ ശുപാർശ നൽകുന്നതിലുണ്ടായ വീഴ്ചയാണ് ചട്ടം രൂപീകരിക്കുന്നതിനുള്ള തടസമെന്നാണ് ആക്ഷേപം. അഗ്നിബാധയുടെ കേസുകളിൽ പോലും നോട്ടീസ് നൽകാനോ, എഫ്.ഐ.ആർ തയ്യാറാക്കാനോ അധികാരവുമില്ല.
സ്കൂബാ ഡൈവർക്ക് 500 രൂപ
പ്രയാസമേറിയ സ്കൂബാ ഡൈവിംഗിന്- 500 രൂപ
ഡൈവിംഗിന് പ്രത്യേക ഇൻഷ്വറൻസില്ല.
റിസ്‌ക്ക് അലവൻസ്- 200 രൂപ
കേരളത്തിലെ ഫയർ സ്റ്റേഷൻ-127
ജീവനക്കാർ- 5,000
അടിസ്ഥാന ശമ്പളം
ഫയർ ഫോഴ്സ്- 27,900
പൊലീസ്-31,100
വകുപ്പ് മേധാവികൾ സമയാസമയങ്ങളിൽ സർക്കാരിലേക്ക് ശുപാർശ നൽകണം. അപകട-രോഗ സാദ്ധ്യത കൂടുതലുള്ള അഗ്നിരക്ഷാസേനാ വിഭാഗം കടുത്ത അവഗണനയിലാണ്.
- കെ.കെ. സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ്, കേരള ഫയർ സർവീസ് അസോ.