വാങ്ങുന്നവര്‍ക്ക് വമ്പൻലാഭം , 67000 കോടി വിദേശനാണ്യം ഇന്ത്യക്ക് നേടിത്തരുന്നതിൽ മുൻപന്തിയിൽ ,​ തിരിച്ചടിക്ക് പിന്നിൽ

Thursday 18 July 2024 12:23 AM IST

ആലപ്പുഴ : ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്കയുടെ നിരോധനം തുടരുന്നത് മത്സ്യ-അനുബന്ധ മേഖല മേഖലയിലെ തൊഴിലാളികളെ പട്ടിണിയിലാക്കി. കടലാമകളെ സംരക്ഷിക്കുന്നില്ലെന്ന പേരിലാണ് യു.എസ് നിരോധനം ഏർപ്പെടുത്തിയത്. അഞ്ചുവർഷമായി നിരോധനം തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് മാർച്ച് നടക്കും. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് 22ന് മന്ത്രി സജി ചെറിയാനെ കാണും. തുടർന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യനും വകുപ്പിലെ മറ്റ് മന്ത്രിമാർക്കും പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കും നിവേദനം നൽകാനാണ് ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

ചെമ്മീന് വൻ വിലയിടിവ്

1.നിരോധനത്തിന്റെ പേരിൽ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പിടിക്കുന്ന ചെമ്മീന് വൻ വിലയിടിവാണുണ്ടായിട്ടുള്ളത്

2. ട്രോളിംഗിന്റെ ഭാഗമായി ഇന്ത്യയിൽ ഒരിടത്തും കടലാമകൾ വലയിൽ കുടുങ്ങാറില്ല. കടലാമകൾ കേന്ദ്രീകരിക്കുന്ന ഒഡീഷയിൽ പ്രജനനകാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

3. തീരദേശ സംസ്ഥാനങ്ങളിൽ മത്സ്യബന്ധനത്തിനിടെ വലകളിൽ കടലാമകൾ കുടുങ്ങുന്നതായി കാണാറില്ലെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്

4. യു.എസിലെ പ്രധാന ചെമ്മീൻ ഉത്പാദക സംഘടനയായ സതേൺ ഷിംപ് അയൻസിന്റെ സങ്കുചിത താല്പര്യമാണ് നിരോധനത്തിന് പിന്നിലുള്ളതെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്

5. നിരോധനം തുടരുന്നതിനാൽ കയറ്റുമതി മേഖലയിലെ ചില സ്ഥാപനങ്ങൾ പൂട്ടി. നിലവിലുള്ള പല സ്ഥാപനങ്ങളും മറ്റ് പലവിധത്തിലുള്ള പ്രതിസന്ധിയിലാണ്

ഒന്നിൽ നിന്ന് ഏഴിലേക്ക്

നിരോധനത്തോടെ, സമുദ്രോത്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രാജ്യത്തിന് കഴിഞ്ഞവർഷം 67,000 കോടി വിദേശനാണ്യം നേടിത്തന്ന സമുദ്രോത്പന്ന കയറ്റുമതിയുടെ നട്ടെല്ലാണ് പീലിംഗ് മേഖല. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ പീലിംഗ് ഷെഡുകളിൽ പണിയെടുക്കുന്ന മൂന്ന് ലക്ഷത്തോളം തൊഴിലാളികളും 800 പീലിംഗ് ഷെഡുടമകളുമാണ് ഇപ്പോൾ പ്രതിസന്ധിയിലായിട്ടുള്ളത്. പീലിംഗ് മേഖലയിലെ 70 ശതമാനം തൊഴിലാളികളും അരൂർ, അമ്പലപ്പുഴ ഭാഗങ്ങളിലുള്ളവരാണ്. ഇതിൽ 90ശതമാനവും സ്ത്രീകളാണ്. പ്രതിദിനം 500 മുതൽ 800 രൂപ വരെ വേതനം വാങ്ങുന്നവരാണ് തൊഴിലാളികൾ.

"അമേരിക്കയിലെ ആഭ്യന്തര കച്ചവടക്കാരാണ് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധനത്തിന് പിന്നിലുള്ളത്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. കഴിഞ്ഞദിവസം മത്സ്യ ഉത്പന്ന കയറ്റുമതി അതോററ്ററി ചെയർമാന് നിവേദനം നൽകി.

- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ

ജില്ലയിൽ ചെമ്മീൻ ഷെഡുടമകൾ............. 800

തൊഴിലാളികൾ...........................3 ലക്ഷം

Advertisement
Advertisement