വിദേശ എം.ബി.ബി.എസ് യോഗ്യതാ പരീക്ഷയിൽ വിജയം 21.52% മാത്രം 

Thursday 18 July 2024 1:15 AM IST

കൊച്ചി: വിദേശത്ത് എം.ബി.ബി.എസ് നേടിയവർക്ക് ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള യോഗ്യതാപരീക്ഷയിൽ ഇക്കുറി വിജയിച്ചത് 21.52 ശതമാനം പേർ മാത്രം. ബിരുദതല പരീക്ഷയ്ക്ക് ബിരുദാനന്തരബിരുദ നിലവാരത്തിലെ ചോദ്യങ്ങളാണ് വന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ലോക റാങ്കിംഗിൽ മുന്നിലുള്ള സർവകലാശാലകളിൽ നിന്ന് വിജയിച്ചവർ ഉൾപ്പെടെയാണ് യോഗ്യതാ പരീക്ഷയിൽ തോറ്റത്.

നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസ് (എൻ.ബി.ഇ.എം.എസ്) നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്‌സാമിനേഷൻ (എഫ്.എം.ജി.ഇ) ജയിച്ചാലേ വിദേശ എം.ബി.ബി.എസുകാർക്ക് ഇന്ത്യയിൽ രജിസ്ട്രേഷൻ ലഭിക്കൂ. ജൂൺ, ഡിസംബർ മാസങ്ങളിലാണ് പരീക്ഷ.

ഈമാസം ആറിന് നടന്ന പരീക്ഷയിൽ 7,233 പേർ യോഗ്യത നേടി. യോഗ്യത നേടാത്തവർക്ക് ഡിസംബറിൽ വീണ്ടും അപേക്ഷിക്കാം.

വിദേശത്ത് എം.ബി.ബി.എസ് പ്രവേശനം നേടി പത്ത് വർഷത്തിനകം എഫ്.എം.ജി.ഇ വിജയിച്ച് ഇന്റേൺഷിപ്പും പൂർത്തിയാക്കി രജിസ്ട്രേഷൻ നേടണമെന്നാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിബന്ധന. ആറരവർഷം വരെയാണ് വിദേശ സർവകലാശാലകളിൽ പഠനം. എഫ്.എം.ജി.ഇയും ഇന്റേൺഷിപ്പും പത്ത് വർഷത്തിനകം നേടിയില്ലെങ്കിൽ ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാനാവില്ല.

വേണം നെക്‌സ്‌റ്റ്

മെഡിക്കൽ ബിരുദം നേടുന്നവർക്കുള്ള നിർദ്ദിഷ്ട നാഷണൽ എക്‌സിറ്റ് ടെസ്‌റ്റ് (നെക്‌സ്‌റ്റ് ) നടപ്പാക്കണമെന്നാണ് വിദേശത്ത് പഠിച്ച വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തും മെഡിക്കൽ ബിരുദം നേടിയവർക്ക് രജിസ്ട്രേഷനും പി.ജി പ്രവേശനത്തിനും യോഗ്യതയ്ക്കായി നെക്‌സ്‌റ്റ് നടത്താൻ 2019ൽ നാഷണൽ മെഡിക്കൽ കമ്മിഷൻ നടപടി ആരംഭിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. എഫ്.എം.ജി.ഇക്ക് പകരം നെക്‌സ്‌റ്റ് വരുന്നതോടെ വിജയശതമാനം വർദ്ധിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ജൂലായ് പരീക്ഷ

അപേക്ഷിച്ചവർ: 35,819

എഴുതിയവർ: 34,608

യോഗ്യത നേടിയത്: 7,233

അയോഗ്യർ: 27,297

ഫലം തടഞ്ഞുവച്ചത്: 78

Advertisement
Advertisement