അപകടമരണം, പരിക്ക് നഷ്ടപരിഹാരം: 10 വർഷത്തിനിടെ റെയിൽവേ നൽകിയത് 48.53 കോടി രൂപ

Thursday 18 July 2024 1:45 AM IST

കൊച്ചി: ട്രെയിൻ യാത്രയ്‌ക്കിടെ അപകടത്തിനിരയായവർക്ക് പത്ത് വർഷത്തിനിടെ നഷ്ടപരിഹാരമായി റെയിൽവേ നൽകിയത് 48.53 കോടി രൂപ. 38.55 കോടി രൂപ മരണങ്ങൾക്കും 9.98 കോടി പരിക്കിനുമാണ് നൽകിയതെന്ന് റെയിൽവേ ആസ്ഥാനത്തു നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

2023-24 ലാണ് ഏറ്റവുമധികം നഷ്ടപരിഹാരം നൽകിയത്, മരണത്തിന് 20.86 കോടിയും പരിക്കേറ്റവർക്ക് 5.44 കോടിയും. അപകടമരണങ്ങൾക്ക് ഏറ്റവും കുറവ് നഷ്ടപരിഹാരം നൽകിയത് 2020-21 ലാണ് - 53 ലക്ഷം. പരിക്കേറ്റവർക്ക് ഏറ്റവും കുറച്ച് നഷ്ടപരിഹാരം നൽകിയത് 2014-15ലും - 11ലക്ഷം.

അപകടങ്ങൾ സംബന്ധിച്ച കേസുകൾ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ തീർപ്പാക്കുന്ന മുറയ്ക്കാണ് നഷ്ടപരിഹാരത്തുക കൈമാറുന്നത്.

പരിരക്ഷ 10 ലക്ഷം രൂപ വരെ

ട്രെയിൻ യാത്രികർക്ക് 10 ലക്ഷം രൂപവരെയുള്ള ഇൻഷ്വറൻസ് പരിരക്ഷ റെയിൽവേ ഉറപ്പാക്കുന്നുണ്ട്. കൺഫേംഡ് ടിക്കറ്റുകളും ഔദ്യോഗിക വെബ്‌സൈറ്റ് (ഐ.ആർ.സി.ടി.സി) മുഖേനയുള്ള റിസർവേഷൻ ഓൺലൈൻ ടിക്കറ്റുകളുമുള്ള യാത്രക്കാർക്ക് ഒരു ട്രിപ്പിന് 45 പൈസയാണ് ഇൻഷ്വറൻസ് പ്രീമിയം. ടിക്കറ്റ് ചാർജിൽ ഇതും ഉൾപ്പെടുന്നുണ്ട്. റെയിൽവേ ജീവനക്കാർക്ക് ഇത്തരം പരിരക്ഷയില്ല. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് റെയിൽവേ ബോർഡ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ രബീന്ദ്രകുമാർ നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

കഴിഞ്ഞ 10 വർഷത്തെ നഷ്ടപരിഹാരം
(വർഷം, അപകടമരണ നഷ്ടപരിഹാരം (കോടി രൂപ)- , പരിക്ക് നഷ്ടപരിഹാരം (ലക്ഷം രൂപ))

2014-15: ₹1.11---- ₹11
2015-16: ₹2.32---- ₹30
2016-17: ₹2.65---- ₹38
2017-18: ₹1.29---- ₹59
2018-19: ₹5.05---- ₹1.62 കോടി
2019-20: ₹2.99---- ₹77
2020-21: ₹53ലക്ഷം---- ₹25
2021-22: ₹70ലക്ഷം---- ₹31
2022-23: ₹1.05----₹21
2023-24: ₹20.86---- ₹5.44 കോടി

യാത്രക്കാർക്കുള്ള ഇൻഷ്വറൻസ്

  • മരണം- 10 ലക്ഷം
  • പരിഹരിക്കാൻ പറ്റാത്ത പരിക്കുകൾ- 10 ലക്ഷം
  • പരിഹരിക്കാനാകുന്ന പരിക്കുകൾ- 7.75 ലക്ഷം വരെ
  • പരിക്കേറ്റയാളുടെ ആശുപത്രി ചെലവ് - രണ്ട് ലക്ഷം
  • ഭൗതികാവശിഷ്ടങ്ങൾ എത്തിക്കാൻ- 10,000

Advertisement
Advertisement