'ഭൂമി തട്ടിപ്പ് മന്ത്രി' താമസിച്ചത് ദിവസം 2,000 രൂപ വാടകയ്ക്ക്

Thursday 18 July 2024 4:50 AM IST

തൃശൂർ: 100 കോടിയുടെ ഭൂമി തട്ടിപ്പു കേസിൽപെട്ട തമിഴ്‌നാട് മുൻ ഗതാഗത മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ എം.ആർ.വിജയഭാസ്‌കർ ഒളിവിൽതാമസിച്ചത് ദിവസം 2,000 രൂപ വാടകയുള്ള വീട്ടിൽ. കഴിഞ്ഞ മാസം14 മുതലാണ് ഓൺലൈൻ വഴിയെടുത്ത പീച്ചി വിലങ്ങൻകുന്നിലെ തറവാട് മാതൃകയിലുള്ള വാടകവീട് ഒളിത്താവളമാക്കിയത്.
പരിസരവാസികളുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തമിഴ്‌നാട് സി.ബി.സി.ഐ.ഡി സംഘം വീട് വളഞ്ഞപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. അതിനു

മുമ്പ് പരിസരത്തെ വീടുകളിൽ സംഘം രഹസ്യാന്വേഷണം നടത്തിയിരുന്നു. യു.കെയിലുള്ള സുജയാണ് വീട്ടുടമ. ഇവരെപ്പറ്റി നാട്ടുകാർക്ക് കൂടുതലൊന്നുമറിയില്ല.

മുമ്പിവിടെ വിദേശികളും തമിഴ്‌നാട് സ്വദേശികളും താമസിച്ചിരുന്നുവത്രേ. വിജയഭാസ്‌കറിനൊപ്പം സഹായിയും ബന്ധുവുമായ കോയമ്പത്തൂർ സ്വദേശി വി.പി.പ്രവീണുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥസംഘം വീട് വളഞ്ഞ് ഇരുവരെയും പിടികൂടി പീച്ചി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡി വിവരമറിയിച്ച് ചോദ്യം ചെയ്യാൻ കരൂർ സി.ബി.സി.ഐ.ഡി ഓഫീസിലേക്ക് കൊണ്ടുപോയി.

ഭീഷണിപ്പെടുത്തിയെന്നും കേസ്

കരൂർ വംഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പുച്ചിപ്പാളയം സ്വദേശി എം.പ്രകാശിന്റെ 100 കോടി വിലമതിക്കുന്ന 22 ഏക്കർ ഭൂമി വിജയഭാസ്‌കറും സഹായികളും ചേർന്ന് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. പ്രകാശ്, ഭാര്യ ശശികല, മകൾ ശോഭന എന്നിവരെ ഭീഷണിപ്പെടുത്തിയതിനും വിജയഭാസ്‌കർ, സഹോദരൻ ശേഖർ എന്നിവരുൾപ്പെടെ 13 പേർക്കെതിരെ കേസുണ്ട്. കരൂർ പൊലീസ് അന്വേഷിച്ച കേസ് ജൂൺ14ന് സി.ബി.സി.ഐ.ഡി ഏറ്റെടുത്തു. രജിസ്‌ട്രേഷന് വ്യാജരേഖ ഹാജരാക്കി വഞ്ചിച്ചെന്ന് കരൂർ സബ് രജിസ്ട്രാർ ഇൻ ചാർജ് മുഹമ്മദ് അബ്ദുൾ ഖാദറും വിജയഭാസ്‌കറിനെതിരെ ജൂൺ ഒമ്പതിന് കരൂർ ടൗൺ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ജൂൺ 13ന് കരൂർ സെഷൻസ് കോടതിയിൽ വിജയഭാസ്‌കർ മുൻകൂർ ജാമ്യാപേക്ഷ നൽകി. മൂന്നു തവണ വാദം കേൾക്കൽ മാറ്റിവച്ച കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് വിജയഭാസ്‌കർ ഒളിവിൽ പോയത്.

Advertisement
Advertisement