പ്രശസ്‌ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്‌ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്നലെ രാത്രി മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ആദ്യ ഡയറക്ടറാണ്. പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.
മാവേലിക്കര രാജകുടുംബത്തിലെ മാർത്താണ്ഡവർമയുടെയും ജാനകിയമ്മയുടെയും മകനായി 1934 മേയ് 24നായിരുന്നു മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്ന എം എസ് വല്യത്താന്റെ ജനനം. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചുക്കാരനാണ്. എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ.
അലോപ്പതിക്കൊപ്പം ആയുര്‍വേദവും പഠിച്ചു. ആയുര്‍വേദ ബയോളജി എന്ന ചിന്തയ്ക്ക് തുടക്കമിട്ടു. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു. 1974ൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിലാണ് രാജ്യത്ത് ആദ്യമായ കൃത്രിമ ഹൃദയവാൽവ്, ബ്ലഡ് ബാഗ്, ഓക്സിജനേറ്റർ തുടങ്ങിയവ നിർമിച്ചത്.