യാത്ര നിരോധിച്ച മൂന്നാർ ഗ്യാപ്പ് റോഡിലൂടെ കുട്ടികളുമായി സ്‌കൂൾ ബസ്; ആവശ്യപ്പെട്ടിട്ടും അവധി നൽകിയില്ലെന്ന് രക്ഷിതാക്കൾ

Thursday 18 July 2024 12:57 PM IST

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്‌കൂൾ ബസ് പൊലീസ് തടഞ്ഞു. ഇടുക്കി ചിന്നക്കനാലിലെ സ്‌കൂളിലേക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരുമായി പോയ സ്വകാര്യ സ്‌കൂളിന്റെ ബസാണ് പൊലീസ് തടഞ്ഞത്. തുടർന്ന് കിലോമീറ്ററുകൾ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ച് വിട്ടു.

ഗ്യാപ്പ് റോഡിലെ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്‌കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാൽ, ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്‌കൂൾ പ്രവർത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിർദേശം ബസ് ഡ്രൈവർ പാലിച്ചില്ലെന്നുമാണ് സ്‌കൂൾ അധികൃതർ നൽകിയ വിശദീകരണം. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി കൂടാതെ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴ കാരണം വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിൽ മഞ്ഞ് കാരണം ലാൻഡ് ചെയ്യാൻ കഴിയാത്തതിനാൽ വിമാനങ്ങൾ കൊച്ചിയിലാണ് ഇറക്കിയത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറഞ്ഞിട്ടുള്ളത്.