ശോഭാ സുരേന്ദ്രനും ടി സിദ്ദിഖും വേട്ടയാടുന്നു, പരാതി നൽകുമെന്ന് ചിത്രകാരി ജസ്‌ന സലിം
കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ചിത്രകാരി ജസ്‌ന സലിം. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്, റോഷൻ എന്ന ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് ജസ്‌നയുടെ പരാതി.
റോഷൻ തന്നെ നിരന്തരം ഉപദ്രവിച്ചു. ഇയാൾക്കെതിരെയുള്ള നേരത്തെയുള്ള കേസ് അട്ടിമറിക്കപ്പെട്ടു. ടി സിദ്ദിഖ് എംഎൽഎ ഇയാൾക്ക് സഹായം നൽകുന്നുവെന്നും ജസ്‌ന ആരോപിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തന്നെ വേട്ടയാടാൻ കൂട്ടുനിൽക്കുന്നുവെന്ന് ജസ്‌ന പറഞ്ഞു. തന്നെ സഹായിക്കുന്നവരെ അപമാനിക്കാൻ ശ്രമം നടക്കുകയാണ്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് ജസ്‌നയുടെ തീരുമാനം.
അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്‌ന ഗുരുവായൂരപ്പൻ ചിത്രങ്ങൾ വരയ്‌ക്കുന്നത്. ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. കഴിഞ്ഞവർഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങൾ ഒരുമിച്ച് ഗുരുവായൂരിൽ സമർപ്പിച്ചിരുന്നു.