സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്; ബസിലുണ്ടായിരുന്നത് ഇരുപത് കുട്ടികൾ

Thursday 18 July 2024 6:04 PM IST

പാലക്കാട്: ആലത്തൂർ കാട്ടുശേരിയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. എഎസ്‌എംഎം ഹയർ സെക്കൻ‌ഡറി സ്‌കൂളിന്റെ ബസാണ് ചേരാമംഗലം കനാലിലേയ്ക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ടാണ് സംഭവം. അപകടസമയം ബസിൽ ഇരുപത് കുട്ടികളുണ്ടായിരുന്നു.

കുട്ടികൾക്ക് നിസാര പരിക്കുകളാണുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ വിദ്യാർത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ ആക്‌സിലിന് തകരാറുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

അതിനിടെ കണ്ണൂരിൽ വിദ്യാർത്ഥികളെ സ്‌കൂൾ ബസിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. വീട്ടിലേയ്ക്ക് പോകാനാകാതെ കുട്ടികൾ വഴിയിൽ കുടുങ്ങി. ഇരുപതോളം കുട്ടികളെയാണ് വഴിയിൽ ബസ് ഡ്രൈവർ ഇറക്കിവിട്ടത്. തുടർന്ന് നാട്ടുകാർ സംഭവത്തിൽ ഇടപെടുകയും സ്‌കൂൾ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്‌കൂൾ അധികൃതർ വാഹനസൗകര്യം ഒരുക്കികൊടുക്കുകയായിരുന്നു.

പാലക്കാടും കണ്ണൂരും കനത്ത മഴ തുടരുകയാണ്. കണ്ണൂരിൽ റെഡ് അലർട്ടും പാലക്കാട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.