ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 107 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

Thursday 18 July 2024 8:36 PM IST

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 107 സ്ഥാപനങ്ങൾ പൂട്ടിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവ‌ർത്തിച്ച സ്ഥാപനങ്ങൾക്കാണ് പൂട്ടുവീണത്. 835 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ടുദിവസമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രഹസ്യ ഡ്രൈവിലാണ് ഹോട്ടലുകളും റസ്റ്റാറന്റുകളും അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്.

സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 134 സ്ക്വാഡുകളാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. 368 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 458 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 9 സ്ഥാപനങ്ങൾക്കെതിരെ അഡ്‌ജ്യുഡിക്കേഷൻ നടപടികളും ആരംഭിച്ചു. ജീവനക്കാരുടെ ഹെൽത്ത് കാർഡ്,​ വ്യക്തി ശുചിത്വം,​ പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.

തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂര്‍ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂര്‍ 169, കാസര്‍ഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയ.ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം.