വരൾച്ച, പേമാരി ; കൃഷിനാശം 500 കോടി, കഴിഞ്ഞ വർഷത്തെ കുടിശ്ശിക 40 കോടി

Friday 19 July 2024 4:09 AM IST

തിരുവനന്തപുരം: കൊടും വരൾച്ചയിലും പിന്നാലെയുള്ള അതിതീവ്രമഴയിലും മാർച്ചിനും ജൂണിനുമിടയിൽ സംസ്ഥാനത്ത് 500 കോടിയുടെ കൃഷിനാശം. ഈ മാസത്തേത് കണക്കാക്കിയിട്ടില്ല.

എന്നാൽ, കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പോലും കുടിശ്ശികയാണ്. കൊടുക്കാൻ 40 കോടി ഇനിയും ബാക്കി. വിള ഇൻഷ്വറൻസ് തുക ഉൾപ്പെടെയാണ് ബാക്കി നിൽക്കുന്നത്. ഇതിൽ 6.2 കോടി വൈകാതെ വിതരണം ചെയ്യുമെന്നാണ് കൃഷി വകുപ്പ് പറയുന്നത്.

ഇത്തവണ വരൾച്ചയിൽ മാത്രം 304.11 കോടിയുടെ കൃഷി നാശമുണ്ടായി. വേനൽമഴ, തുടർന്നുണ്ടായ കാലവർഷം എന്നിവയിൽ 200 കോടിയുടെ നാശനഷ്ടവും. കാലവർഷ കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള സമയം ഈ മാസം 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമേ വ്യക്തമായ കണക്ക് ലഭിക്കൂ. തുർന്നാവും ഇക്കൊല്ലത്തെ തുക സർക്കാർ ഒദ്യോഗികമായി പ്രഖ്യാപിക്കുക. കേന്ദ്ര സഹായം തേടാനാണ് നീക്കം. ഇത്തവണയും നഷ്ടപരിഹാരം വൈകുമൊയെന്നാണ് കർഷകർക്ക് ആശങ്ക. ലോണെടുത്താണ് ഒട്ടുമുക്കാൽപ്പേരും കൃഷിയിറക്കിയത്.

കനത്ത മഴയിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി,​ കണ്ണൂർ,കോഴിക്കോട്,തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾക്കാണ് കൂടുതൽ നാശം. ആലപ്പുഴയിൽ നെൽ കൃഷിക്കു മാത്രം 155.5 കോടിയുടെ നഷ്‌ടമുണ്ടായി.

വരൾച്ചയിൽ കൂടുതൽ നാശനഷ്ടം ഇടുക്കിയിലാണ്,​ 156.65 കോടിയുടേത്. പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത്. വാഴ,​ പച്ചക്കറി കർഷകരെയാണ് കൂടുതൽ കരയിച്ചത്. ഏലം,​ കുരുമുളക് കർഷകർക്കും വലിയ കൈനഷ്ടമുണ്ടായി.

കൃഷി നാശം

ഇങ്ങനെ:

 ഉഷ്‌ണ തരംഗം: 46,587 ഹെക്ടർ

 അതിതീവ്ര മഴ: 3,125 ഹെക്ടർ

 മഴ ബാധിച്ച കർഷകർ: 56,479

 വരൾച്ച ബാധിച്ചത്: 6,479

304.11 കോടി

വരൾച്ചമൂലം നഷ്ടം

200 കോടി

മഴമൂലം