അത്‌ലറ്റ്സ് വില്ലേജ് തുറന്നു

Thursday 18 July 2024 11:45 PM IST

പാരീസ് : ഒളിമ്പിക്സിന് ഒരാഴ്ച മാത്രം ശേഷിക്കേ കായിക താരങ്ങൾക്ക് താമസിക്കാനുള്ള അത്‌ലറ്റ്സ് വില്ലേജ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള കായിക സംഘമാണ് വില്ലേജിലേക്ക് ആദ്യമെത്തിയത്. ഒരേ സമയം 9000ത്തോളം അത്‌ലറ്റുകൾ ഉൾപ്പടെ 14000ത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഒളിമ്പിക്സിൽ ആദ്യമാദ്യം നടക്കുന്ന ഇനങ്ങളിലെ അത്‌ലറ്റുകളും ഒഫിഷ്യസുമാണ് ആദ്യം താമസിക്കാനെത്തുക. ഇവർ മത്സരം കഴിഞ്ഞ് ഒഴിയുന്ന മുറയ്ക്ക് അടുത്ത താരങ്ങൾ എത്തും.

പുറത്തെ ഉൗഷ്മാവിനെക്കാൾ ആറു ഡിഗ്രിയെങ്കിലും ചൂട് അകത്ത് കുറഞ്ഞിരിക്കുന്ന രീതിയിലാണ് ഗെയിംസ് വില്ലേജ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിദത്തമായ രീതിയിലാണ് നിർമ്മാണം. ഒളിമ്പിക്സും പാരാലിമ്പിക്സും കഴിഞ്ഞാലുടൻ ഗെയിംസ് വില്ലേജിനെ പാർപ്പിട സമുച്ചയങ്ങളാക്കി മാറ്റി ജനങ്ങൾക്ക് ലേലത്തിലൂടെ നൽകും. മൂന്നിലൊന്ന് ഭാഗം സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.

പാരീസിൽ സുരക്ഷാ ലോക്ഡൗൺ

ഒളിമ്പിക്സ് അടുത്തതോടെ പാരീസ് നഗരത്തിന്റെ ഹൃദയഭാഗങ്ങൾ സുരക്ഷാസേനയുടെ കർശന നിയന്ത്രണത്തിലായി. ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്ന സെൻ നദിയുടെ ഇരുകരയിലുമായി ആറുകിലോമീറ്ററോളം ലോക്ഡൗണിന് തുല്യമായ നിയന്ത്രണത്തിലാണ്. നഗരത്തിലെ പല മെട്രോ സ്റ്റേഷനുകളും ഇന്നലെ മുതൽ അടച്ചു. ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷമേ ഇവ തുറക്കുകയുള്ളൂ.

സാധാരണ ഒളിമ്പിക്സുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തിനുള്ളില്ല പാരീസിൽ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്. സെൻ നദിയും അതിന്റെ തീരത്തൊരുക്കിയ താത്കാലിക വേദിയുമാണ് ഉദ്ഘാടനത്തിന്റെ അരങ്ങായി മാറുക. ഗെയിംസിനുള്ള താരങ്ങളുടെ മാർച്ച് പാസ്റ്റ് പ്രത്യേകം തയ്യാറാക്കിയ തുറന്ന വള്ളങ്ങളിലും ബാർജുകളിലുമായാണ് നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങ് ടിക്കറ്റെടുത്ത് കാണാൻ ഒരുലക്ഷത്തോളം പേർക്കാണ് നദിക്കരയിൽ സംവിധാനമൊരുക്കുന്നത്. രണ്ട് ലക്ഷത്തോളം പേർക്ക് അല്ലാതെയും കാണാനാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാവിലയിരുത്തലിന് ശേഷം കാണികളുടെ എണ്ണത്തിൽ കുറവുണ്ടായേക്കാം.

ഒളിമ്പിക്സ് വേളയിൽ ഒരു കോടിപ്പേർ പാരീസിലെത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്.

Advertisement
Advertisement