നാടിന്റെ സ്വപ്ന സാഫല്യം... മാളിയേക്കൽ മേൽപ്പാലം ഉദ്ഘാടനം ആഗസ്റ്റ് 2ന് 

Friday 19 July 2024 1:13 AM IST
മാളി​യേക്കൽ റെയി​ൽവേ മേൽപ്പാലം

തൊടിയൂർ: കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 2ന് വൈകിട്ട് 5.30ന്‌ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു.

547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുള്ള മേല്പാലം സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിൽ ഇങ്ങനെ നിർമ്മിക്കപ്പെട്ട ആദ്യ മേൽപ്പാലമാണിത്. ഇതിന്റെ പൈൽ, പൈൽ ക്യാപ്പ്, ഡക്ക് സ്ലാബ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്പ്,

ഗർഡറുകൾ എന്നിവ സ്റ്റീൽ നിർമ്മിതിയുമാണ്. റെയിൽവേ ലൈനിന് മീതേയുള്ള 52 മീറ്റർ ഭാഗം റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് നിർമ്മിച്ചത്. ഇതൊഴികെ 33 സ്പാനുകളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും രണ്ട് അബട്ട്മെന്റുമുണ്ട്. ഇവയുടെ പിയർ ക്യാപ്പ് വരെ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) ആണ് നിർമ്മിച്ചത്.

സൂപ്പർ സ്ട്രക്ചർ റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.

ഇതുൾപ്പെടെ 10 മേൽപ്പാലങ്ങൾക്കാണ് സംസ്ഥാനത്ത് നിർമ്മാണ അനുമതി നൽകിയിരുന്നതെങ്കിലും ആദ്യം പൂർത്തിയായത് മാളിയേക്കൽ മേൽപ്പാലമാണ്. വസ്തു ഏറ്റെടുക്കാൻ 11.8 കോടിയും മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി 26.58 കോടിയുമാണ് ചെലവഴിച്ചത്.

പെയിന്റിംഗ് ഉൾപ്പടെയുള്ള മിനുക്ക് പണികൾ പാലത്തിൽ പുരോഗമിക്കുകയാണ്. പാലത്തിലും പാർശ്വഭാഗങ്ങളിലും സോളാർ ലൈറ്റുകളുണ്ട്.

അടിവശത്ത് ഇന്റർലോക്ക്

മേൽപ്പാലത്തിന്റെ അടിവശം ഇന്റർലോക്ക് പാകിയും പൂന്തോട്ടം നിർമ്മിച്ചും മനോഹരമാക്കും. പാലം ഗതാഗതത്തിന് തുറന്നു നൽകുന്നതോടെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും. ആർ. രാമചന്ദ്രൻ എം.എൽ.എ. ആയിരിക്കെ, 2021 ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്.

Advertisement
Advertisement