തലമുറകൾക്ക് വഴികാട്ടി

Friday 19 July 2024 3:19 AM IST

വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഉൾപ്പെടെ തലമുറകൾക്ക് വഴികാട്ടിയ വ്യക്തിയായിരുന്നു ഡോ.എം.എസ്.വല്യത്താൻ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ക്ലാസുകളും കേൾക്കാൻ എപ്പോഴും വലിയൊരു കൂട്ടം ആളുകൾ കാതോർത്തിരുന്നു. അത്രമാത്രം അറിവാണ് ഓരോ തവണയും അദ്ദേഹം പകർന്നു നൽകിയിരുന്നത്. തന്റെ വാക്കുകളിലൂടെ മറ്റുള്ളവരെ കർമ്മനിരതരാക്കാനും പ്രചോദനം നൽകാനും വല്യത്താന് സാധിച്ചു.

കാർഡിയോളജി രംഗത്തെ നൂതന ചികിത്സാ മേഖലകളിലുൾപ്പെടെ കൈയൊപ്പ് ചാർത്തിയ അദ്ദേഹം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ അമരക്കാരനായി നിസ്തുലമായ സേവനങ്ങളാണ് നടത്തിയത്. അത് നാടിനും ജനങ്ങൾക്കും കാലമെത്ര കഴിഞ്ഞാലും മറക്കാനാവില്ല.

1980കളിൽ ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഞാൻ ഡി.എമ്മിന് പഠിക്കുമ്പോൾ അവിടെ അദ്ദേഹം പ്രഭാഷണത്തിനെത്തി. അന്നു മുതലാണ് അദ്ദേഹവുമായി അടുപ്പത്തിലാകുന്നത്. അന്ന് അവിടെ പഠിച്ചിരുന്ന മലയാളികൾ അദ്ദേഹത്തെ പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു.

ഞാൻ മെഡിക്കൽ കോളേജിലും അദ്ദേഹം ശ്രീ ചിത്രയിലുമായിരുന്നതിനാൽ ഒരുമിച്ച് ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. അത് എന്റെ ജീവിതത്തിലെ എക്കാലത്തെയും നഷ്ടങ്ങളിലൊന്നാണ്. എന്നാൽ കാർഡിയോളജിയുമായി ബന്ധപ്പെട്ട കോൺഫറൻസുകളിലും മറ്റു ചർച്ചകളിലൂടെയും അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാൻ സാധിച്ചു. അവസാന നാളുകളിലും കർമ്മപഥത്തിൽ സജീവമായിരുന്നു അദ്ദേഹം. കാർഡിയോളജി വിദഗ്ദ്ധൻ എന്നതിലുപരി ഗവേഷകൻ, ഭരണകർത്താവ് തുടങ്ങിയ നിലകളിലെല്ലാം തന്റേതായ മുദ്രപതിപ്പിക്കാൻ കഴിഞ്ഞ വല്യത്താന്റെ വേർപാട് ആരോഗ്യ രംഗത്ത് നികത്താനാകാത്ത നഷ്ടമാണ്.