'മകൾക്ക് നീതി ലഭിക്കണം, കാത്തിരിപ്പ് ആ ദിവസത്തിനുവേണ്ടി'; പ്രതികരിച്ച് പെരുമ്പാവൂരിലെ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ  മാതാവ്

Friday 19 July 2024 7:06 AM IST

കൊച്ചി: കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മാതാവ് രംഗത്ത്. പ്രതിയായ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഉറപ്പാക്കണമെന്നായിരുന്നു മാതാവിന്റെ പ്രതികരണം. വധശിക്ഷയിൽ ഇളവ് നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മകൾ അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷ നടപ്പിലാക്കിയാലേ മകൾക്ക് നീതി ലഭിക്കൂ. ആ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സുപ്രീംകോടതി നിർണായക തീരുമാനമെടുത്തത്. ജസ്റ്റിസ് വി. ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. പ്രതിയുടെ അപ്പീലിൽ വിധി പറയുന്നതുവരെയാണ് വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതിയുടെ ഉത്തരവ്. അമീറുളിന്റെ മനഃശാസ്ത്ര ജയിൽ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം.

മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. നിരപരാധി എന്ന് തെളിയിക്കാൻ തന്റെ കൈയിൽ തെളിവുകളുണ്ടെന്ന് ഹർജിയിൽ അമീറുൽ ഇസ്ലാം ചൂണ്ടിക്കാട്ടുന്നുണ്ട്. വധശിക്ഷയുടെ ഭരണഘടനാ സാദ്ധ്യതയും ഹർജിയിൽ പ്രതി ചോദ്യം ചെയ്യുന്നു. അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുളിന് വേണ്ടി ഹർജി സമർപ്പിച്ചത്.

നിയമവിദ്യാർത്ഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ കഴിഞ്ഞ മേയ് 20 നായിരുന്നു ഹൈക്കോടതി ശരിവെച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്.ഡി.എൻ.എ അടക്കം സർക്കാർ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർത്ഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്.

Advertisement
Advertisement