ഒരുകാലത്ത് ഉപയോഗിക്കാതെ വലിച്ചെറിഞ്ഞ സാധനത്തിന് ആവശ്യക്കാരേറുന്നു, ഇരട്ടിലാഭം കൊയ്യാനൊരുങ്ങി വിപണി

Friday 19 July 2024 7:47 AM IST

ആറ്റിങ്ങൽ: മലയാളികളുടെ ജീവിതവുമായി ഇഴ പിരിയാത്ത ബന്ധമുണ്ടായിരുന്ന മൺപാത്രങ്ങളോടുള്ള അപ്രിയം മാറുന്നു. കുടുവൻ മൺകോപ്പകളിൽ പഴങ്കഞ്ഞിയും കഞ്ഞിയും പുഴുക്കുമൊക്കെ ആർത്തിയോടെ കോരിക്കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.എന്നാൽ പുതിയ ജീവിത സാഹചര്യങ്ങളിൽ നവീനമായ പ്ലാസ്റ്റിക് സ്ഫടിക നോൺ സ്റ്റിക് പാത്രങ്ങൾ അടുക്കളയിലെ ചില്ലലമാരകളിൽ സ്ഥാനം പിടിച്ചതോടെ മൺ പാത്രങ്ങൾ വീടിനു പിന്നാമ്പുറങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. ഒപ്പം കളിമൺപാത്ര വ്യവസായവും മൺമറഞ്ഞു.

എന്നാലിന്ന് മൺ പാത്രങ്ങൾ

തീൻ മേശയിലെ അഭിമാന താരമാവുകയാണ്. അതെ മൺ പാത്രങ്ങളുടെ തിരിച്ചുവരവാണ് ഇന്ന് കാണുന്നത്. കാരണം മറ്റൊന്നുമല്ല. മൺചട്ടിയിൽ തയ്യാറാക്കുന്ന മീൻ കറിയുടെയും മറ്റ് വിഭവങ്ങളുടേയും രുചിയറിഞ്ഞവരെല്ലാം മൺപാത്രങ്ങളെ കൂടെക്കൂട്ടാൻ തയ്യാറായി.മലയാളിക്കുണ്ടായ ഈ തിരിച്ചറിവാണ് മൺ പാത്രങ്ങളെ പ്രിയങ്കരമാക്കിയത്.

ഇന്ന് കളിമൺ പാത്രങ്ങൾ ആഡംബരങ്ങളുടേയും അലങ്കാരങ്ങളുടേയും അവസാന വാക്കാണ്. തീൻ മേശകളിൽ മീൻ കറി, പച്ചടി, അവിയൽ തുടങ്ങിയവ പകർന്നു വയ്ക്കുന്നത് ആഡംബര മൺപാത്രങ്ങളിലായി. വിവിധയിനം കറിച്ചട്ടികൾ, തവ, ചായ കുടിക്കാനുള്ള കപ്പ് മുതൽ ചെറിയ വിളക്ക്, അച്ചാർ ഭരണി,കൂജ ,ധൂമ പാത്രം അങ്ങനെ നീളുന്നു മൺപാത്രങ്ങളുടെ ലിസ്റ്റ്.

കിളിക്കൂടുകളിൽ ഇപ്പോഴും ചെറിയ മൺകലങ്ങൾ തന്നെ വേണം. ഇതിനായി തന്നെ പ്രത്യേകം തയ്യാറാക്കിയ ചെറിയ കലങ്ങളും മാർക്കറ്റിൽ സുലഭമാണ്. മൺ പാത്രങ്ങൾക്ക് ഡിമാൻ‌ഡ് വന്നതോടെ കളിമൺപാത്രങ്ങളുടെ നിറത്തിലും ഡിസൈനിലും മാറ്റം വന്നു. ആലപ്പുഴ മേഖലയിൽ നിർമ്മിക്കുന്ന കറുത്ത നിറത്തിലുള്ള മൺ ചട്ടികൾക്ക് ആവശ്യക്കാരേറെയാണ്.

Advertisement
Advertisement