'സഞ്ജുവിനെ ദ്രോഹിക്കാൻ എന്തെല്ലാം ആസൂത്രണങ്ങളാണ്, തഴയാനുള്ള മാസ്റ്റർ പ്ലാൻ ബിസിസിഐ ഇപ്പോഴേ തയ്യാറാക്കുകയാണ്'

Friday 19 July 2024 2:46 PM IST

മുംബയ്: സിംബാബ്‌വെ പര്യടനത്തിന് ശേഷം ഇന്ത്യയുടെ അടുത്ത ക്രിക്കറ്റ് പരമ്പര ശ്രീലങ്കയുമായാണ്. ജൂലായ് 27ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയോടെയാണ് ഇത് ആരംഭിക്കുക. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടിയെങ്കിലും ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടില്ല.

അവസാനമായി കളിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും അർഹമായ പരിഗണന സഞ്ജുവിന് ഏകദിന ടീം സെലക്ഷനിൽ ഇത്തവണ ലഭിക്കാത്തതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി പേർ ശക്തമായി വിമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ബിസിസിഐ നിലപാടിനെ ശക്തമായി ചോദ്യം ചെയ്യുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥനും സമൂഹമാദ്ധ്യമ പോസ്റ്റുകളിലൂടെ ശ്രദ്ധേയനുമായ സന്ദീപ് ദാസ്.

ഇക്കഴിഞ്ഞയാഴ്ച സമാപിച്ച സിംബാബ്‌വെ പര്യടനത്തിലെ ട്വന്റി 20 പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കിയിരുന്നു. ശുഭ്മാൻ ഗിൽ നായകനായ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും നിർണായക പങ്ക് വഹിച്ചിരുന്നു. അഞ്ചാം ട്വന്റി 20യിൽ ഇന്ത്യ പതറിയപ്പോൾ സഞ്ജു സാംസണിന്റെ നിർണായക അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് 167 എന്ന മാന്യമായ സ്‌കോർ നൽകിയത്. 45 പന്തിൽ 58 റൺസാണ് അന്ന് സഞ്ജു നേടിയത്. സ്റ്റേഡിയത്തിന് പുറത്തേക്ക് അടിച്ചുതെറിപ്പിച്ചതടക്കം നാല് സിക്സറുകൾ ഈ മത്സരത്തിൽ പിറന്നിരുന്നു.

സഞ്ജുവിന്റെ ദക്ഷിണാഫ്രിക്കയിലെ ഇന്നിംഗ്സ് ഓർമ്മിപ്പിച്ചാണ് സന്ദീപ് ദാസ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഒരേയൊരു ഏകദിനം മാത്രം കളിച്ച ശിവം ദുബെയും അരങ്ങേറ്റം കുറിക്കുന്ന റിയാൻ പരാഗും ടീമിലുണ്ട് സഞ്ജു ഒഴിവാക്കപ്പെട്ടു എത്ര വലിയ കോമാളിത്തരമാണ് സന്ദീപ് ചോദിക്കുന്നു.

ഇന്ത്യയ്ക്ക് മോശം റെക്കാഡുള്ള ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര വിജയം കൊണ്ടുവന്നത് സഞ്ജുവാണ്. ആധുനിക ക്രിക്കറ്റിൽ ഏറ്റവും അനിവാര്യനാണ് സഞ്ജു. ടി-20 ലോകകപ്പ് വരുമ്പോൾ സഞ്ജുവിനെ ഏകദിന ടീമിലെടുക്കും ഏകദിന ലോകകപ്പ് വരുമ്പോൾ ടി-20 ടീമിലെടുക്കും. ഇതെല്ലാമാണ് ബിസിസിഐയുടെ വികൃതികൾ. അടുത്ത ചാമ്പ്യൻസ് ട്രോഫിടീമിൽ നിന്ന് സഞ്ജുവിനെ തഴയാനുള്ള മാസ്റ്റർപ്ളാൻ ബിസിസിഐ ഇപ്പോഴേ തയ്യാറാക്കുകയാണ്.

അതേസമയം സഞ്ജുവിനൊപ്പം ഋതുരാജ് ഗെയ്ക്വാദിനും അവസരം ലഭിക്കാത്തതും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ രോഹിത്ത് ശർമ്മയാണ് നായകൻ. എന്നാൽ ഉപനായകനായി ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പകരം ശുഭ്മാൻ ഗില്ലിനെയാണ് തിരഞ്ഞെടുത്തത്. ഇതും ആരാധകരെ അമ്പരപ്പിച്ചിരുന്നു.

സന്ദീപ് ദാസിന്റെ സമൂഹമാദ്ധ്യമ കുറിപ്പിന്റെ പൂർണരൂപം ചുവടെ:

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസൺ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു ഏകദിനം മാത്രം കളിച്ച ശിവം ദുബേയും അരങ്ങേറ്റം പോലും കഴിഞ്ഞിട്ടില്ലാത്ത റിയാൻ പരാഗും ടീമിലുണ്ട്! എത്ര വലിയ കോമാളിത്തരം! ഇന്ത്യയ്ക്കുവേണ്ടി അവസാനം കളിച്ച ഏകദിനത്തിൽ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഒരുപാട് സവിശേഷതകൾ ഉള്ള ഒരു ഇന്നിംഗ്സാണ് അന്ന് സഞ്ജു പുറത്തെടുത്തത്.


ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന സീരീസിലെ അവസാന മാച്ച് ആയിരുന്നു അത്. സഞ്ജുവിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ സീരീസ് സ്വന്തമാക്കിയത് ! ഇന്ത്യൻ ടീമിന് ഏറ്റവും മോശം റെക്കോർഡുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ആ മണ്ണിൽ വെച്ച് ഇന്ത്യ ഇന്നേവരെ ജയിച്ചിട്ടുള്ളത് രണ്ടേ രണ്ട് പരമ്പരകൾ മാത്രമാണ്. അതിലെ ഒരു സീരീസ് വിജയം കൊണ്ടുവന്നത് നമ്മുടെ സഞ്ജുവാണ്! എത്ര മാദ്ധ്യമങ്ങൾ ഇക്കാര്യം വാഴ്ത്തിപ്പാടിയിട്ടുണ്ട്?
സഞ്ജുവിന്റെ സ്ഥാനത്ത് സെഞ്ച്വറി നേടിയത് ഋഷഭ് പന്ത് ആയിരുന്നുവെങ്കിലോ? സ്റ്റാർ സ്‌പോർട്സ് എല്ലാ വർഷവും ആ ഇന്നിംഗ്സിന്റെ വാർഷികം ആഘോഷിക്കുമായിരുന്നു.


നാന്ദ്രേ ബർഗർ എന്ന ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ കളിച്ചിരുന്നു. അയാളുടെ എക്സ്പ്രസ് പേസിനെതിരെ പല ബാറ്റർമാരും ബുദ്ധിമുട്ടിയിരുന്നു. അതും ഇന്ത്യയിലെ ഫ്ളാറ്റ് പിച്ചുകളിൽ! അങ്ങനെയുള്ള ബർഗറിനെ അയാളുടെ മടയിൽ വെച്ച് തന്നെ മെരുക്കിയവനാണ് സഞ്ജു!
ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഗോൾഡൻ ഡക്കായ ശിവം ദുബേയ്ക്ക് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നു! ഓ.ഡി.ഐ ഫോർമാറ്റിൽ 56 റൺസിന്റെ ശരാശരിയും നൂറിന്റെ പരിസരത്ത് സ്‌ട്രൈക് റേറ്റും ഉള്ള സഞ്ജുവിനെ പടിയ്ക്ക് പുറത്ത് നിർത്തുന്നു!! ഇതാണ് ബി.സി.സി.ഐയുടെ നയം.
സഞ്ജുവിന് സ്ഥിരതയില്ല എന്ന പതിവ് വിലാപവുമായി ചിലർ ഉടൻ എത്തിച്ചേരും. സഞ്ജുവിനെ പിന്തുണയ്ക്കുന്നവരെ 'കേരനിര ഫാൻസ് ' എന്ന് പരിഹസിക്കാൻ അവർ മുൻപന്തിയിലുണ്ടാകും.


ഉളുപ്പുണ്ടോ എന്ന ചോദ്യം സഞ്ജു വിരോധികളോട് ചോദിക്കാനാവില്ല. സാമാന്യബോധം പോലും അവർക്കില്ല എന്ന് പറയേണ്ടിവരും.
ക്രിക്കറ്റ് ഇപ്പോൾ ഒരുപാട് മാറിക്കഴിഞ്ഞു. ക്ലീൻ ഹിറ്റർമാർക്കാണ് ഇപ്പോൾ മാർക്കറ്റുള്ളത്. ഡിഫൻസീവ് ഗെയിം ആയിരുന്ന ടെസ്റ്റ് ക്രിക്കറ്റിൽ പോലും 'ബാസ്‌ബോൾ' അരങ്ങുവാഴുന്ന കാലമാണിത്.


അങ്ങനെയുള്ള ആധുനിക ക്രിക്കറ്റിൽ ഏറ്റവും അനിവാര്യനാണ് സഞ്ജു. അയാളേക്കാൾ അനായാസമായി സിക്സർ പായിക്കാൻ എത്ര പേർക്ക് സാധിക്കും!? ആ പ്രതിഭ ധൂർത്തടിച്ച് കളയാനുള്ള തൊലിക്കട്ടി ഇന്ത്യൻ സെലക്ടർമാർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ! ടി20 ലോകകപ്പ് വരാറാവുമ്പോൾ സഞ്ജുവിനെ ഏകദിന ടീമിൽ എടുക്കും. ഏകദിന ലോകകപ്പ് അടുത്തുവരുമ്പോൾ സഞ്ജുവിനെ ടി20 ടീമിൽ ഉൾപ്പെടുത്തും! ഇതെല്ലാമാണ് ബി.സി.സി.ഐയുടെ വികൃതികൾ!
അടുത്ത ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് സഞ്ജുവിനെ തഴയാനുള്ള മാസ്റ്റർ പ്ലാൻ ബി.സി.സി.ഐ ഇപ്പോഴേ തയ്യാറാക്കുകയാണ്! സ്വന്തം രാജ്യത്തിന് വേണ്ടി തകർത്തുകളിച്ച സഞ്ജുവിനെ ദ്രോഹിക്കാൻ എന്തെല്ലാം ആസൂത്രണങ്ങളാണ് നടക്കുന്നത്! ഈ ശ്രദ്ധ ബി.സി.സി.ഐ മറ്റ് കാര്യങ്ങളിൽ കാണിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഇതിനേക്കാളെല്ലാം ട്രോഫികൾ ജയിക്കുമായിരുന്നു!


കുപ്രസിദ്ധനായ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ഒരിക്കൽ പറഞ്ഞുവെത്രേ
''വിജയിക്കുക എന്നത് പരമപ്രധാനമാണ്. ജയിച്ചയാൾക്ക് വിശദീകരണങ്ങൾ നൽകേണ്ടിവരില്ല...!''
ഇതാണോ ബി.സി.സി.ഐയുടെ ഉള്ളിലിരിപ്പ്? ഒരു ടി20 ലോകകപ്പ് ജയിച്ചതിന്റെ പേരിൽ എന്ത് തോന്ന്യവാസവും കാട്ടാമെന്നാണോ!?
എങ്കിൽ ഓർത്തോളൂ. ഹിറ്റ്ലർക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ ആയിരുന്നു സ്ഥാനം. സഞ്ജുവിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കുന്ന വിഡ്ഢികളെ കാത്തിരിക്കുന്നതും അതേ വിധി തന്നെയാണ്...!

Advertisement
Advertisement