പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഒരിക്കലും ഫോൺകോളുകൾക്ക് ഈ രണ്ട് മറുപടികൾ നൽകരുത്, യുഎഇ നൽകുന്ന മുന്നറിയിപ്പ്

Friday 19 July 2024 2:56 PM IST

ദുബായ്: പ്രവാസികളെ ഉൾപ്പടെ വലിയതോതിൽ ബാധിക്കുന്ന ഒരു വൻതട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാ വിദഗ്‌ധർ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ അല്പം ബുദ്ധിയും ശ്രദ്ധയും മാത്രം മതിയെന്നും അവർ പറയുന്നു. ഒരാളുടെ ശബ്ദം ഉപയോഗിച്ച് അയാളുടെ പരിചയക്കാരെയും ബന്ധുക്കളെയും ഉൾപ്പടെ തട്ടിപ്പിന് ഇരയാക്കുന്നതാണ് രീതി.

അതായത് ഓഡിയോ ഡീപ്‌ഫേക്ക്. ആരുടെ ശബ്ദമുപയോഗിച്ചാണോ തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്നത് അയാളുമായി ആദ്യം തട്ടിപ്പുകാർ ഫോണിൽ സംസാരിക്കും. 'അതെ' അല്ലെങ്കിൽ 'ഇല്ല' (yes or No) എന്ന ഉത്തരം കിട്ടുന്ന തരത്തിലുള്ള ചോദ്യങ്ങളായിരിക്കും തട്ടിപ്പുകാർ ചോദിക്കുന്നത്. നിങ്ങൾക്ക് ഒരു നിക്ഷേപ പദ്ധതി ആരംഭിക്കാൻ താൽപ്പര്യമുണ്ടോ? നിങ്ങൾക്ക് നിക്ഷേപങ്ങൾ ഉണ്ടോ എന്നിങ്ങനെയായിരിക്കും ചോദ്യങ്ങൾ.

ഓഡിയോ ഡീപ്‌ഫേക്ക് തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ കബളിപ്പിക്കാനാണ് തട്ടിപ്പുകാർ പുത്തൻ രീതി സ്വീകരിക്കുന്നത്. ഒരാളുടെ യഥാർത്ഥ ശബ്ദം തന്നെ തട്ടിപ്പിനായി ഉപയോഗിക്കുന്നതിനാൽ ഒരിക്കലും ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾക്ക് തട്ടിപ്പ് തിരിച്ചറിയാൻ കഴിയില്ല. എമിറേറ്റ്സ് ഐഡിയിലെ നമ്പർ ഉൾപ്പടെ പറഞ്ഞുകൊണ്ടായിരിക്കും തട്ടിപ്പ് കോളുകൾ എത്തുക. അതോടെ ഇര ചതിക്കപ്പെടുമെന്ന് ഉറപ്പാണ്. സൂം മീറ്റിംഗ് പോലുള്ള ഒന്നിലധികം പേർ പങ്കെടുക്കുന്ന മീറ്റിംഗുകളിൽ ഇത് സമർത്ഥമായി ഉപയോഗിക്കാൻ കഴിയും.

പരിചയമില്ലാത്ത നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതെ അല്ലെങ്കിൽ ഇല്ല എന്നതരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവയ്ക്ക് അത്തരത്തിൽ മറുപടി പറയാതിരിക്കുക. ബിസിനസ്, സമ്മാന ടിക്കറ്റുകൾ തുടങ്ങിയവയ്ക്ക് പണം അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള കോളുകളെയും ശ്രദ്ധിക്കണം. ഒരിക്കലും ഇത്തരമൊരാവശ്യം അംഗീകൃത കമ്പനികളിൽ നിന്നുണ്ടാവില്ല. ഇരയ്ക്ക് ഏറെ തിരക്കുള്ള സമയത്ത് അവരെ പറ്റിക്കാനാണ് തട്ടിപ്പുകാർക്ക് താത്പര്യം. അതിനാൽ ആ സമയങ്ങളിൽ വരുന്ന കോളുകൾക്ക് ഉത്തരങ്ങൾ നൽകാതിരിക്കുക. ഒപ്പം തിരിച്ചുവിളിക്കാനുള്ള നമ്പർ ആവശ്യപ്പെടുക. തട്ടിപ്പുകാർ ഒരിക്കലും അത്തരത്തിൽ തിരിച്ചുവിളിക്കാൻ നമ്പർ തരില്ല.

Advertisement
Advertisement