ഈഫലിനും മേലേ ഇതിഹാസങ്ങൾ, സൂപ്പർ താരങ്ങൾ അവസാനവട്ട തയ്യാറെടുപ്പിൽ
വെളിച്ചത്തിന്റെ നഗരമായ പാരീസിൽ മൂന്നാം വട്ടം ഒളിമ്പിക്സ് ദീപം തെളിയുമ്പോൾ ലോകത്തെ ഏറ്റവും വലിയ കായിക വേദിയിൽ വീണ്ടും നിറഞ്ഞാടാൻ നിരവധി സൂപ്പർ താരങ്ങൾ അണിയറയിൽ അവസാനവട്ട തയ്യാറെടുപ്പിലാണ്. ആരാധകരെ ആവേശത്തിൽ ആറാടിക്കാൻ ഈഫൽ ടവറിനേക്കാൾ തലപ്പൊക്കത്തിൽ എത്തുന്ന ഏതാനും സൂപ്പർ താരങ്ങളെക്കുറിച്ച്.
സിമോൺ ബൈൽസ് (യു.എസ്.എ)
ജിംനാസ്റ്റിക്സ്
പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ജിംനാസ്റ്റിക്സിലെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം) എന്ന് വിശേഷിപ്പിക്കുന്ന യു.എസ് താരം സിമോൺ ബൈൽസ്. ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലുമായി 37 മെഡലുകൾ സ്വന്തമാക്കി ജിംനാസ്റ്റിക്സിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ സിമോണിന്റെ മൂന്നാം ഒളിമ്പിക്സാണിത്. 2016ലെ റിയോ ഒളിമ്പിക്സിൽ നാല്സ്വർണവും ഒരു വെങ്കലവും നേടി ലോകത്തെ അദ്ഭുതപ്പെടുത്തുമ്പോൾ സിമോണിന് പ്രായം 19. എന്നാൽ വലിയ പ്രതീക്ഷകളുമായി ടോക്യോയിൽ എത്തിയ സിമോൺ സമ്മർദ്ദം താങ്ങാനാകാതെ നാല് ഫൈനലുകളിൽ നിന്ന് പിന്മാറി ലോകത്തെ ഞെട്ടിച്ചു. ഓരോ വെള്ളിയിലും വെങ്കലത്തിലുമൊതുങ്ങി. 27-ാം വയസിൽ ടോക്യോയിലെ കണ്ണീർ പാരീസിൽ പുഞ്ചിരിയാക്കാനെത്തുകയാണ് സിമോൺ.
അർമാൻഡ് ഡുപ്ലാന്റിസ് (സ്വീഡൻ)
പോൾ വോൾട്ട്
പോൾ വോൾട്ടിൽ റെക്കാഡ് തിളക്കത്തിൽ കുതിക്കുകയാണ് സ്വീഡന്റെ അർമാൻഡ് ഡുപ്ലാന്റിസ്. 24 വയസിനിടെ ഡുപ്ലാന്റിസ് ലോകറെക്കാഡ് തിരുത്തിയത് 8 തവണ. ഒളിമ്പിക്സിലേയും ലോകചാമ്പ്യൻഷിപ്പിലേയും സ്വർണമെഡൽ ജേതാവ്. മുൻ യു.എസ് പോൾ വോൾട്ട് താരം ഗ്രേഗ് ഡുപ്ലാന്റിസിന്റെയും സ്വീഡിഷ് ഹെപ്റ്റാത്ത്ലൺ താരം ഹെലനയുടെയും മകനായ അർമാൻഡ് അണ്ടർ 20 തലം മുതലേ റെക്കാഡ് തിരുത്തി തുടങ്ങി. അന്താരാഷ്ട്രതലത്തിൽ അവസാനം പങ്കെടുത്ത 15മത്സരങ്ങളിലും ചാമ്പ്യനായി. 6.24 മീറ്റർ താണ്ടിയാണ് നിലവിലെ ലോക റെക്കാഡ് കുറിച്ചത്.
ഷെല്ലി ആൻ ഫ്രേസർ (ജമൈക്ക)
സ്പ്രിന്റ്
ഒന്നരപ്പതിറ്റാണ്ടായി ട്രാക്കിലെ മിന്നൽപ്പിണറായ ജമൈക്കൻ വേഗറാണി ഷെല്ലി ആൻ ഫ്രേസർ പാരീസിൽ ഒളിമ്പിക്സോടെ ഓട്ടം അവസാനിപ്പിക്കുകയാണ്. 100,200 മീറ്ററുകളിലും 4-100 മീറ്റർ റിലേയിലുമെല്ലാം കുതിച്ചു പാഞ്ഞ 37കാരിയായ ഷെല്ലിയുടെ അഞ്ചാം ഒളിമ്പിക്സാണിത്. സ്പ്രിന്റിനങ്ങളിൽ ഇത്രയും കാലം ട്രാക്കിൽ തുടർന്ന വനിതാതാരങ്ങൾ അപൂർവമാണ്. 2008 മുതൽ എല്ലാ ഒളിമ്പിക്സുകളിലും ഷെല്ലിക്ക് മെഡൽ നേട്ടമുണ്ട്. ആകെ 3 സ്വർണം ഉൾപ്പെടെ 8 മെഡലുകൾ നേടി. ബെയ്ജിംഗിലും ലണ്ടനിലും വേഗമേറിയ വനിതാ താരമായിരുന്നു. അഞ്ചടി മാത്രം ഉയരമുള്ള ഷെല്ലിയെ പോക്കറ്റ് റോക്കറ്റ് എന്നാണ് ആരാധകർ വിളിക്കുന്നത്.
നോഹ ലൈൽസ് (യു.എസ്.എ)
സ്പ്രിന്റ്
ഉസൈൻ ബോൾട്ട് ഒഴിച്ചിട്ട വേഗ സിംഹാസനം തേടിയാണ് യു.എസിന്റെ നോഹ ലൈൽസ് പാരീസിൽ എത്തുന്നത്. 100, 200 മീറ്ററുകളിലെ നിലവിലെ ലോക ചാമ്പ്യൻ. ആദ്യ ഒളിമ്പിക്സ് സ്വർണമാണ് 26കാരനായ നോഹയുടെ ലക്ഷ്യം. ടോക്യോയിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 100,200 മീറ്ററുകൾ കൂടാതെ 4-100 മീറ്റർ റിലേയിലും പാരീസിൽ നോഹ ഇറങ്ങിയേക്കും. ലോക ചാമ്പ്യൻഷിപ്പിൽ 6 തവണ സ്വർണം നേടിയിട്ടുണ്ട്.
കാത്തി ലെഡേക്കി ( യു.എസ്.എ)
നീന്തൽ
നീന്തൽക്കുളത്തിലെ പൊൻമീനാണ് യു.എസിന്റെ കാത്തി ലെഡേക്കി. വിവിധ ഇനങ്ങളിലായി 14 തവണയാണ് കാത്തി ലോകറെക്കാഡ് തിരുത്തിയത്.37 തവണ അമേരിക്കൻ റെക്കാഡും തിരുത്തിയെഴുതി. 27കാരിയായ കാത്തിയുടെ നാലാം ഒളിമ്പിക്സാണിത്. ഇതുവരെ ഒളിമ്പിക്സിൽ നിന്ന് 7 സ്വർണവും 3 വെങ്കലവും നീന്തിയെടുത്തു. നീന്തലിൽ ഏറ്റവും മികച്ച വനിതാ താരമായാണ് കാത്തിയെ വാഴ്ത്തുന്നത്. 200,400,800, 1500 മീറ്റർ ഫ്രീസ്റ്റൈലുകളിലും 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും പാരീസിൽ ലെഡേക്കി പങ്കെടുക്കും.
റാഫേൽ നദാൽ (സ്പെയിൻ)
ടെന്നിസ്
കളിമൺ കോർട്ടിലെ രാജാവ് റാഫേൽ നദാൽ ഈ ഒളിമ്പിക്സോടെ തന്റെ ഇതിഹാസ കരിയർ അവസാനിപ്പിക്കുകയാണ്. അതും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന റോളാങ് ഗാരോസിൽ കളിച്ച് വിടവാങ്ങുകയെന്നത് നദാലിന് കിട്ടുന്ന കാവ്യനീതിയാണ്. 14 തവണയാണ് റോളാങ് ഗാരോസിൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം സിംഗിൾസ് കിരീടം ഉയർത്തിയത്. ഫ്രഞ്ച് ഓപ്പൺ കിരീടം ഇത്രയുംതവണ സ്വന്തമാക്കിയ മറ്റൊരു താരമില്ല. കരിയറിലാകെ 22 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള നദാൽ 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ സിംഗിൾസിലും 2016ൽ റിയോയിൽ ഡബിൾസിൽ മാർക് ലോപസിനൊപ്പവും സ്വർണം നേടി. പാരീസിൽ സിംഗിൾസിലും ഡബിൾസിലും 38കാരനായ നദാൽ മത്സരിക്കും. നദാലിന്റെ പിൻഗാമിയെന്ന് വാഴ്ത്തുന്ന ടെന്നിസിലെ പുത്തൻ സെൻസേഷൻ കാർലോസ് അൽകാരാസാണ് ഡബിൾസിലെ കൂട്ടാളി.
എലിയുഡ് കിപ്ചോഗെ (കെനിയ)
മാരത്തൺ
മാരത്തണിൽ ഹാട്രിക്ക് സ്വർണം തേടിയാണ് കെനിയൻ താരം എലിയുഡ് കിപ്ചോഗെ പാരീസിലേക്ക് വരുന്നത്. കിപ്ചോഗെയുടെ അഞ്ചാം ഒളിമ്പിക്സാണിത്. 2004ൽ ആതൻസിൽ 5000 മീറ്ററിൽ വെങ്കലം നേടിയ താരം 2008ൽ ബെയ്ജിംഗിൽ അത് വെള്ളിയായി ഉയർത്തി. 2016ൽ റിയോയിലും 2021ൽ ടോക്യോയിലും മാരത്തണിൽ സ്വർണവും നേടി. 39കാരനായ കിപ്ചോഗെ പ്രധാന മാരത്തൺ ചാമ്പ്യൻഷിപ്പുകളിൽ 11 തവണ ചാമ്പ്യനായിട്ടുണ്ട്.
മാ ലോംഗ് (ചൈന)
ടേബിൾ ടെന്നിസ്
ടേബിൾ ടെന്നിസിലെ ഏറ്റവും മികച്ച താരമായി അറിയപ്പെടുന്ന ചൈനയുടെ മാ ലോംഗിന്റെ നാലാം ഒളിമ്പിക്സാണ് ഇത്തവണത്തേത്. സിംഗിൾസിലും ടീമിനത്തിലുമായി 5 സ്വർണങ്ങളാണ് ഒളിമ്പിക്സിൽ നിന്ന് ലോംഗ് നേടിയത്. നിരവധി തവണ ലോക ചാമ്പ്യനായിട്ടുണ്ട്.