പ്രൗഢം പാരീസ് വേദികൾ
ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിനെ കേന്ദ്രീകരിച്ചാണ് ഒളിമ്പിക്സ് മത്സരവേദികൾ സജ്ജീകരിച്ചിരിക്കുന്നത്. സെയ്ന്റ് ഡെനിസ്, ലെ ബോർഷ്യേ, നാന്റെയർ, വെഴ്സായ, വെയറിസുർ മാർന എന്നീ പാരീസിന്റെ സമീപ നഗരികളിലും മത്സരവേദികളുണ്ട്. തഹിതി എന്ന ഫ്രഞ്ച് പോളിനേഷ്യൻ ദ്വീപും ഈ ഒളിമ്പിക്സിന്റെ വേദിയാണ്. ബാസ്കറ്റ് ബാൾ പ്രാഥമിക മത്സരങ്ങളും ഹാൻഡ്ബാൾ ഫൈനൽ മത്സരങ്ങളും പാരീസിൽ നിന്ന് 225കിലോമീറ്റർ അകലെയുളള ലീലിലാണ് നടക്കുന്നത്. ഫുട്ബാളിലെ ചില മത്സരങ്ങളും സെയ്ലിംഗും പാരീസിൽ നിന്ന് 777 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ നഗരമായ മാസേയിൽ നടക്കും. 15,576 കിലോമീറ്റർ അകലെയുള്ള തഹിതി ദ്വീപിലെ ടഹുപ്പുവാണ് പാരീസിൽ നിന്ന് ഏറ്റവും അകലെയുള്ള വേദി. സർഫിംഗ് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ബോർഡോ,ഡിസിൻ ചാപ്യു, നോന്റ്,നീസ്, സെന്റ് എറ്റിയെൻ എന്നീ നഗരങ്ങളിലെ ലീഗ് വൺ ക്ളബുകളുടെ സ്റ്റേഡിയങ്ങളിലാണ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്നത്. ടെന്നിസ് മത്സരങ്ങൾ ഫ്രഞ്ച് ഓപ്പൺ വേദിയായ റൊളാംഗ് ഗാരോസിലും നടക്കും. ഇതിന് മുമ്പ് രണ്ട് ഒളിമ്പിക്സുകൾക്ക് വേദിയായ പാരീസ് അധികം മത്സരവേദികൾ ഈ ഒളിമ്പിക്സിനായി നിർമ്മിച്ചിട്ടില്ല.
നഗരത്തിലെ പഴയ സ്റ്റേഡിയങ്ങൾ നവീകരിക്കുകയും വലിയ കൺവെൻഷൻ സെന്ററുകൾ താത്കാലിക വേദികളായി രൂപമാറ്റം വരുത്തി. പുനർനിർമ്മിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ചതിനാൽ ഒളിമ്പിക്സിന് ശേഷവും പഴയരൂപത്തിലേക്ക് തിരിച്ചുവരാനാകും. ഫുട്ബാളിനായി ഫ്രഞ്ച് ലീഗ് ക്ളബുകളുടെ സ്ഥിരം ഹോം ഗ്രൗണ്ടുകളാണ് ഉപയോഗിക്കുന്നത്. ഉദ്ഘാടനം സെൻ നദിയിലും നദിക്കരയിലെ താത്കാലിക വേദിയിലുമായി നടക്കുന്നതിനാൽ അതിനായി പ്രത്യേക സ്റ്റേഡിയവുമില്ല.
പാരീസ് ഒളിമ്പിക്സിനായി പണികഴിപ്പിച്ച ഏക സ്ഥിരം കായികവേദിയാണ് സെയ്ന്റ് ഡെനിസിൽ സ്ഥിതി ചെയ്യുന്ന അക്വാട്ടിക് സെന്റർ. 5000ത്തോളം പേർക്ക് മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 5000 സ്ക്വയർ മീറ്റർ റൂഫ് കൊണ്ട് അക്വാട്ടിക് സെന്റർ കവർ ചെയ്തിട്ടുണ്ട്. സ്റ്റേഡ് ഡി ഫ്രാൻസിന് തൊട്ടരികിലാണ് അക്വാട്ടിക് സെന്റർ നിലകൊള്ളുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളിൽ നിന്നാണ് സ്റ്റേഡിയത്തിലേക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. അത്ലറ്റിക്സ് ഉൾപ്പടെയുള്ള പ്രധാന മത്സരങ്ങളും സമാപനച്ചടങ്ങുകളും നടക്കുന്ന പാരീസ് ഒളിമ്പിക്സിന്റെ പ്രധാന വേദിയാണ് സ്റ്റേഡ് ഡി ഫ്രാൻസ്. റഗ്ബി സെവൻസും ഇവിടെയാണ് നടക്കുന്നത്. 1998 ഫുട്ബാൾ ലോകകപ്പിനായി നിർമ്മിക്കപ്പെട്ട സ്റ്റേഡിയമാണിത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഫ്രാൻസിലെ മുഖ്യ കായികകേന്ദ്രം.
77083 പേർക്ക് മത്സരങ്ങൾ വീക്ഷിക്കാനുള്ള സൗകര്യം.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പും റഗ്ബി ലോകകപ്പും യൂറോകപ്പ് ഫുട്ബാൾ ടൂർണമെന്റും ഇവിടെ നടന്നിട്ടുണ്ട്.ബെഴ്സി അരീന, ചാമ്പ് ഡി മാഴ്സ് അരീന, ചാറ്റ്യൂ ദ വാെഴ്സാലിസ്, ഷാത്തോവു ഷൂട്ടിംഗ് സെന്റർ, ഈഫൽ ടവർ സ്റ്റേഡിയം, ഗ്രാൻഡ് പലൈസ്, ലാ കോൺകോഡ് , മാഴ്സെ മരീന, പിയറി മറോയ് സ്റ്റേഡിയം, വേയ്സ് സർമാനേ നോട്ടിക്കൽ സ്റ്റേഡിയം, പാർക്ക് ഡി പ്രിൻസസ്, ഈവ് ഡു മാനുവ തുടങ്ങിയവയാണ് മറ്റ് പ്രധാന മത്സരവേദികൾ. ഹോക്കി മത്സരങ്ങൾക്ക് വേദിയാവുന്നത് പാരീസിലെ ഈവ് ഡു മാനുവയാണ്. 1924ലെ പാരീസ് ഒളിമ്പിക്സിന്റെ മുഖ്യവേദികളിലൊന്നായിരുന്നു ഈവ് ഡു മാനുവ.124 വർഷങ്ങൾക്ക് മുമ്പ് ഇവിടെയാണ് ഉദ്ഘാടനച്ചടങ്ങും അത്ലറ്റിക്സ് മത്സരങ്ങളും നടന്നത്. രണ്ട് ഒളിമ്പിക്സുകൾക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന റെക്കാഡ് ഈ ഒളിമ്പിക്സോടെ ഈവ് ഡു മാനുവയ്ക്ക് ലഭിക്കും. 1972ൽ പാർക്ക് ഡി പ്രിൻസസ് ഉദ്ഘാടനം ചെയ്യുന്നതുവരെ ഈവ് ഡു മാനുവയായിരുന്നു ഫ്രാൻസിന്റെ മുഖ്യ കായികവേദി.