ഇനിമുതൽ സർക്കാർ ഓഫീസുകൾ വീടിനെക്കാൾ മനോഹരമാകും, ഇല്ലെങ്കിൽ പിഴകൊടുത്ത് മുടിയും; പുതിയ നിയന്ത്രണം ഇങ്ങനെ

Friday 19 July 2024 4:51 PM IST

തൃശൂർ: ഈ വർഷം ഡിസംബർ 31നകം ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളാക്കി മാറ്റാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സർക്കാർ ഓഫീസുകളുടെയും, ക്വാർട്ടേഴ്‌സുകളുടെയും പരിസരം ഉൾപ്പെടെ മാലിന്യമുക്തമായില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും.

അടുത്ത വർഷം മാർച്ച് 31നകം സംസ്ഥാനം മാലിന്യമുക്തമാക്കാൻ സംസ്ഥാന സർക്കാരിനൊപ്പം എല്ലാ സ്ഥാപനങ്ങളും പങ്കാളികളാകണമെന്ന് ഹരിതകേരളം മിഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 16 ബ്‌ളോക്കുകളിൽ ഹരിതകേരളം മിഷനുളള റിസോഴ്‌സ്‌പേഴ്‌സന്റെ നേതൃത്വത്തിലാണ് സർക്കാർ ഓഫീസുകൾ പരിശോധിക്കുക.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഊർജ സംരക്ഷണവും ഉറപ്പാക്കണം. അനാവശ്യമായി വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും ജലം പാഴാകാനിടയാക്കുന്ന പൊട്ടിയ ടാപ്പുകളും മറ്റും മാറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ മേധാവികളുടെ യോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു.

എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ, സർക്കാർ ഓഫീസുകളിൽ ഉണ്ടാകുന്ന മാലിന്യം എന്തൊക്കെ, സർക്കാർ ഓഫീസുകൾ എങ്ങനെ മാലിന്യ മുക്തമാക്കാം എന്നീ വിഷയങ്ങളിൽ ഹരിതകേരളം മിഷൻ ജില്ലാ കോ- ഓ‌ർഡിനേറ്റർ സി. ദിദിക ക്ലാസ് എടുത്തു.

ഓണത്തിന് ഡിസ്‌പോസിബിൾ വേണ്ട

ഓണാഘോഷ പരിപാടികളിൽ ഒരു സർക്കാർ ഓഫീസുകളിലും ഡിസ്‌പോസിബിൾ പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശം. പകരം സ്റ്റീൽ, ചില്ല് എന്നിവ ഉപയോഗിക്കണം. ഓരോ ജീവനക്കാരനും പ്രത്യേക ഗ്‌ളാസ്, പാത്രം എന്നിവ നീക്കിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ജൈവമാലിന്യം വളമോ പാചക ഇന്ധനമോ ആക്കിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറിയും മാലിന്യത്തിന്റെ അളവ് കുറച്ച് ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നാണ് നിബന്ധന. പേപ്പറിലും പ്‌ളാസ്റ്റിക്കിലും തെർമോക്കോളിലും നിർമ്മിച്ച എല്ലാ ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കി വേണം ഇത് സാദ്ധ്യമാക്കാനെന്നും നിർദ്ദേശമുണ്ട്.


നിർദ്ദേശങ്ങൾ

മാലിന്യങ്ങൾ പരമാവധി കുറയ്ക്കണം.


ജൈവമാലിന്യങ്ങൾ നീക്കം ചെയ്യണം.


പ്‌ളാസ്റ്റിക്കുകൾ ഹരിതകർമ്മസേനയ്ക്ക് നൽകണം


പരിസരങ്ങളിൽ ചെടികൾ നട്ട് ഹരിതാഭമാക്കണം

ഹരിതകർമസേനയ്ക്ക് യൂസർ ഫീ നൽകി അജൈവ പാഴ്‌വസ്തുക്കൾ കൈമാറണം. ഓഫീസുകളിൽ എല്ലാ മാസവും ഡ്രൈഡേ ആചരിക്കണം.

വി.എസ്. പ്രിൻസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

എല്ലാ സർക്കാർ ഓഫീസുകളിലും പരിശോധന നടത്തും. ആദ്യഘട്ടത്തിൽ തിരുത്തേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കും. തുടർപരിശോധനകളുണ്ടാകും. മാലിന്യസംസ്‌കരണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമാണ് എ ഗ്രേഡ് നൽകുക.

സി. ദിദിക, ഹരിതകേരളം മിഷൻ ജില്ലാ കോ - ഓ‌ർഡിനേറ്റർ

Advertisement
Advertisement