ആമയുടെ പേരിൽ അമേരിക്ക ചെയ്‌ത കടുംകൈയ്‌ക്ക് പരിഹാരം കാണാൻ സർക്കാർ,​ ഉടൻ യോഗം ചേരും

Friday 19 July 2024 5:49 PM IST

തിരുവനന്തപുരം: കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽ ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരം കാണാൻ യോഗം ചേർന്ന് സർക്കാർ. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ബോട്ടുടമകൾ, കയറ്റുമതിക്കാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂലായ് 24 ന് ഇതുമായി ബന്ധപ്പെട്ട് ചേരുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

സംരക്ഷിത ഇനത്തിൽപ്പെട്ട കടലാമകൾ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. ഇന്ത്യയിൽ നിന്നും ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിനെതിരെ 2019 ൽ അമേരിക്ക ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും നിലവിലുണ്ട്. അമേരിക്കൻ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ വാങ്ങുന്നത് പകുതിയിലേറെ വില കുറച്ചാണ്. ഈ പ്രതിസന്ധി കടൽചെമ്മീന് ആഭ്യന്തര വിപണിയിലും വിലയിടിയാൻ കാരണമായി. ഇത് മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ യോഗം വിളിച്ചത്.

അതേസമയം മത്സ്യവിപണിയെ ആശ്രയിച്ചുകഴിയുന്ന ഐസ് പ്ലാന്റുകൾ സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മത്സ്യസമ്പത്ത് കുറഞ്ഞതും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ നിലച്ചതും, അശാസ്ത്രീയമായ മത്സ്യബന്ധനവുമാണ് ഐസ് കമ്പനികൾക്ക് വെല്ലുവിളിയാകുന്നത്. പല ഫാക്ടറികളും അടച്ചൂപൂട്ടൽ ഭീഷണിയിലാണ്. സർക്കാരിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളുംവരെ പ്രതിസന്ധിയിലാണ്. പലതിന്റേയും പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. നിർമ്മാണത്തിന് ആവശ്യമായ അമോണിയ, ഉപ്പ് എന്നിവയുടെ വില കൂടിയതും പ്രതിസന്ധിയാണ്. വർഷാവർഷമുള്ള അറ്റകുറ്റപ്പണി, നികുതി ഇനങ്ങളിൽ വലിയ തുക ചെലവാകും. ഐസിന് ആവശ്യക്കാരില്ലാതെ വന്നതോടെ ഉത്പാദന തോത് കുറച്ചാണ് വ്യവസായികൾ പിടിച്ചു നിൽക്കുന്നത്.

സംസ്ഥാനത്ത് ചെറുതും വലുതുമായി 600 ഓളം ഐസ് ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഐസ് ഫാക്ടറികളുടെ നിലനിൽപ്പിന് സർക്കാർ സഹായം നൽകണമെന്നാണ് കേരള സ്റ്റേറ്റ് ഐസ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

Advertisement
Advertisement