26 കോടിയുടെ പദ്ധതികളുമായി ലയൺസ് ക്ളബ്
നെടുമ്പാശേരി: 2024 -25 സാമ്പത്തികവർഷം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായി 26കോടിരൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ. നമ്പൂതിരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർദ്ധനർക്കായി 101 വീടുകൾ നിർമ്മിച്ച് നൽകും. 50,000 വിദ്യാർത്ഥികൾക്കായി കരിയർമാപ്പിംഗും സ്കൂളുകളിൽ കരിയർലാബും തുറക്കും. വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചണുകൾ തുറക്കും. തിരുവാങ്കുളം ശാസ്താംമുകളിൽ ലയൺസ് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ തുറക്കും. മൂന്ന് ജില്ലകളിലായി പ്രവർത്തിക്കുന്ന 160 ലയൺസ് ക്ളബുകളുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് 3.30ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ പങ്കജ് മേത്ത ഉദ്ഘാടനം ചെയ്യും. ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ലയൺസ് ഇന്റർനാഷണൽ നേതാക്കളായ എ. വി. വാമനകുമാർ, വി. അമർനാഥ് എന്നിവർ പങ്കെടുക്കും. സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ബിഗ് ബാൻഡ് ജിയുടെ സംഗീതനിശയുമുണ്ടാകും.
ക്യാബിനറ്റ് സെക്രട്ടറി ജോർജ് സാജു, ട്രഷറർ സിബി ഫ്രാൻസിസ്, ജനറൽ കൺവീനർ സിജി ശ്രീകുമാർ, മീഡിയ സെക്രട്ടറി കുമ്പളം രവി, ഷൈൻപോൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.