വരുന്നു ഈ ജില്ലയില്‍ പുതിയ റെയില്‍വേ സ്റ്റേഷനും പാതയും, ശുപാര്‍ശ നല്‍കി എഞ്ചിനീയറിങ് വിഭാഗം

Friday 19 July 2024 7:56 PM IST

കൊല്ലം: കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് കൊല്ലം. സംസ്ഥാനത്തെ വളവുള്ള റെയില്‍വേ പാതകള്‍ വേഗത കൂട്ടുന്നതിന്റെ ഭാഗമായി നിവര്‍ത്തിയെടുക്കാനാണ് റെയില്‍വേയുടെ പദ്ധതി. എന്നാല്‍ കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ (തിരുവനന്തപുരത്ത് നിന്ന്) എട്ട് ഡിഗ്രിയുള്ള കൊടും വളവാണ് 700 മീറ്റര്‍ ദൂരത്തോളം. ഈ ദൂരത്തില്‍ വെറും 30 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ട്രെയിന്‍ ഓടിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ നിവര്‍ത്തല്‍ സാദ്ധ്യമല്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ റെയില്‍വേ സ്റ്റേഷനും റെയില്‍ പാതയും എന്ന നിര്‍ദേശം വന്നിരിക്കുന്നത്.

വളവ് നിവര്‍ത്തിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് വന്ദേഭാരത്, ജനശതാബ്ദി, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ മൂന്നാമതൊരു പാത നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗം നല്‍കിയിരിക്കുന്ന ശുപാര്‍ശ.നാഗര്‍കോവില്‍, എറണാകുളം മാതൃകയില്‍ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിര്‍മിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്.

കൊല്ലം ബൈപാസിനോട് (ദേശീയപാത) ചേര്‍ന്ന് കല്ലുംതാഴത്ത് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിച്ചുകൊണ്ട് പുതിയ റെയില്‍വേ ലൈന്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം തിരുവനന്തപുരം ഡിവിഷന്റെ സജീവ പരിഗണനയിലാണ്. കല്ലുംതാഴം വഴിയാണ് നിലവില്‍ എറണാകുളം- തിരുവനന്തപുരം ലൈനും കൊല്ലം- പുനലൂര്‍- ചെങ്കോട്ട ലൈനും കടന്നുപോകുന്നത്. ഇരവിപുരത്തുനിന്നു കല്ലുംതാഴംവരെ ഏകദേശം ഒമ്പതുകിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍വേ ബൈപാസ് നിര്‍മിച്ചാല്‍ നിര്‍മാണച്ചെലവ് കുറയുമെന്നും എന്‍ജിനിയറിങ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകള്‍ എസ്എന്‍ കോളേജ് കഴിഞ്ഞാല്‍ സ്റ്റേഷന്‍വരെ എത്താന്‍ പത്ത് മുതല്‍ പതിനഞ്ച് മിനിറ്റ് വരെ എടുക്കുന്നുണ്ട്. കൊല്ലം സ്റ്റേഷനില്‍നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അവസ്ഥയും സമാനമാണ്. എന്നാല്‍, നഗരമദ്ധ്യത്തിലെ ഈ ഭാഗത്ത് നിലവിലെ ലൈനിലെ വളവ് നിവര്‍ത്തുക അസാദ്ധ്യമാണ്. ലൈനിന്റെ ഇരുവശവും വീടുകളും വ്യാപാരസ്ഥാപനങ്ങളും റോഡുമാണ്. ഇക്കാര്യം പരിഗണിച്ചാണ് ബൈപാസ് എന്ന നിര്‍ദേശം എഞ്ചിനീയറിങ് വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്.

Advertisement
Advertisement