മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവർക്ക് പിടിവീഴും, കർശന നടപടിയെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം : അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കി കൊണ്ടായിരിക്കും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ നഗരസഭയുടെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്നും ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച ഒമ്പത് വാഹനങ്ങൾ വനിതാ ഹെൽത്ത് സ്ക്വാഡ് പിടികൂടി. കേരള മുനിസിപ്പാലിറ്റി നിയമം/ കേരള പഞ്ചായത്തിരാജ് നിയമപ്രകാരം ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആറുമാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കവിയാത്തതുമായ തടവുശിക്ഷയുള്ള ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ഇതിന് പുറമേ ജലസംരക്ഷണ നിയമം അനുസരിച്ചും നടപടി സ്വീകരിക്കാം. ഈ നടപടികൾക്കായി പൊലീസിന് പരാതി നൽകാൻ നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.
ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കി വിടാൻ പല സ്ഥാപനങ്ങളും പൈപ്പ് സ്ഥാപിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും സമാനമായ നടപടി സ്വീകരിക്കും. ഇതിന് പുറമേ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിച്ച ഒമ്പതുപേരെ പിടികൂടുകയും ഇവർക്ക് 45090 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അനധികൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നവരെയും നഗരസഭ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.