മദ്യപിച്ചു, ജപ്പാനീസ് വനിതാ ജിംനാസ്റ്റിനെ തിരിച്ചയച്ചു

Friday 19 July 2024 10:32 PM IST

മൊണാക്കോ : മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത വനിതാ ജിംനാസ്റ്റിക് ടീം ക്യാപ്ടനെ ജാപ്പനീസ് ഒളിമ്പിക് അസോസിയേഷൻ പാരീസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള മൊണാക്കോയിലെ പരിശീലനക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടക്കി അയച്ചു. 19കാരിയായ ഷോക്കോ മിയാത്തയ്ക്കാണ് ദുസ്വഭാവം കൊണ്ട് ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അവസരം തന്നെ നഷ്ടമായത്. ജൂൺ-ജൂലായ് മാസത്തിൽ ടോക്യോയിൽ നടന്ന ദേശീയ ക്യാമ്പിനിടെ മിയാത്ത മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താരം കുറ്റം സമ്മതിച്ചതായി ജാപ്പനീസ് ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറിപറഞ്ഞു.

ജപ്പാനിൽ 20 വയസ് തികയാത്തവർ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് മിയാത്ത. എത്ര മികച്ച താരമായാലും അച്ചടക്കം ലംഘിക്കുന്നത് പൊറുക്കാനാവില്ലെന്ന് ജാപ്പനീസ് ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. ജപ്പാനിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച വനിതാ ജിംനാസ്റ്റിക് താരവും ഒളിമ്പിക്സിലെ മെഡൽ പ്രതീക്ഷയുമായിരുന്നു മിയാത്ത.

Advertisement
Advertisement