ചേട്ടനെ കടത്തിവെട്ടി ചെസ് സ്റ്റാറായി ദിവി
തിരുവനന്തപുരം : കൊവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തപ്പോൾ ദേവ്നാഥ് ഓൺലൈനിൽ ചെസ് പഠിച്ചു. കളിക്കാനൊരു കൂട്ടാളി വേണം. ഓൺലൈനിൽ കളിക്കാമെന്നുവച്ചാൽ, ഏറെ നേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കാൻ മാതാപിതാക്കൾ വിടില്ല.
പത്തു വയസുകാരൻ വഴി കണ്ടെത്തി. കുഞ്ഞുപെങ്ങൾ ദിവിയെ ചെസ് പഠിപ്പിച്ചു. അന്ന് അഞ്ചു വയസ് തികഞ്ഞിട്ടില്ല അവൾക്ക്. എതിരാളിയായി മാത്രം കണ്ട് കരുനീക്കം പഠിപ്പിച്ച ജ്യേഷ്ഠനെ പക്ഷേ ദിവി ഞെട്ടിച്ചു. സംസ്ഥാന, ദേശീയതലം പിന്നിട്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കിരീടമണിഞ്ഞു ഈ കൊച്ചുമിടുക്കി. ഫിഡെ വേൾഡ് കപ്പിലും മിന്നി. ഫിഡെ റേറ്റഡ് കളിക്കാരാണ് ഇരുവരും.
ടെക്നോപാർക്ക് ജീവനക്കാരായ ബിജേഷിന്റെയും പ്രഭയുടെയും മക്കളാണിവർ. കാര്യവട്ടത്താണ് താമസം. മക്കളുടെ പ്രതിഭ തിരിച്ചറിഞ്ഞ രക്ഷിതാക്കൾ മാസ്റ്റേഴ്സ് അക്കാഡമിയിലെ ജി.എസ് ശ്രീജിത്തിന്റെയടുത്ത് പരിശീലനത്തിന് വിട്ടു.
ഈ വർഷം തൃശൂരിൽ നടന്ന സംസ്ഥാന അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ദേവ്‌നാഥ് ചാമ്പ്യനായി. പെൺകുട്ടികളിൽ ദിവിക്കായിരുന്നു കിരീടം. കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിൽ ദേവ്നാഥ് (14) ഒൻപതിലും ദിവി (8) നാലിലുമാണ്.
ദിവിയുടെ നേട്ടങ്ങൾ
ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം
ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി
വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ചാമ്പ്യൻ
വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം വെള്ളി
ഫിഡെ വേൾഡ് കപ്പ് (8-12 പ്രായപരിധി)അഞ്ചാം സ്ഥാനം
കോമൺവെൽത്ത് ചെസ് അണ്ടർ 10ൽ മൂന്നാം റണ്ണർ അപ്പ്
ഇനിവേണ്ടത് സ്പോൺസർ
അന്താരാഷ്ട്ര തലത്തിൽ ചെസ് പരിശീലനം വളരെ ചെലവേറിയതാണ്. ഓൺലൈനിൽ പോലും വിദേശ പരിശീലകർക്ക് മണിക്കൂറിന് ഡോളർ നിരക്കിലാണ് പ്രതിഫലം. ഹൗസിംഗ് ലോണും മറ്റും കഴിയുമ്പോൾ പരിശീലനത്തിന് മാറ്റാൻ മാതാപിതാക്കളുടെ ശമ്പളത്തിൽ ബാക്കിയില്ല. മക്കൾക്ക് സ്പോൺസർമാരെ തേടുകയാണ് ബിജേഷും പ്രഭയും. മികച്ച പരിശീലനം കിട്ടിയാൽ പ്രഗ്നാനന്ദനെയും സഹോദരി വൈശാലിയെയും പോലെ ദേവ്നാഥും ദിവിയും അത്ഭുതം സൃഷ്ടിച്ചേക്കും.