അട്ടപ്പാടിയിൽ 1,320 കർഷകരെ രംഗത്തിറക്കാൻ കൃഷിവകുപ്പ്

Saturday 20 July 2024 1:18 AM IST

 കർഷകരെ സഹായിക്കാൻ 10 ഫീൽഡ് ഓഫീസർമാർ

 1.48 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കും

അഗളി: അട്ടപ്പാടി മേഖലയിൽ ചെറുധാന്യ കൃഷിയിലടക്കം 1,320 കർഷകരെ രംഗത്തിറക്കാൻ കൃഷിവകുപ്പ് നടപടിയാരംഭിച്ചു. ബജ്റ, മണിച്ചോളം, റാഗി, തിന, ചാമ, വരക് തുടങ്ങിയ ചെറുധാന്യങ്ങളുടെ പരമ്പരാഗത കൃഷിയാണ് ആദിവാസി കർഷകരേറെയുള്ള അട്ടപ്പാടി മേഖലയിലുള്ളത്. ഇവരുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കി വിതരണം ചെയ്യുന്നതിനാവശ്യമായ മില്ലടക്കമുള്ള സംവിധാനങ്ങൾ കൃഷിവകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പുതൂർ, അഗളി, ഷോളയൂർ പഞ്ചായത്തുകളിലായി 18,495 ഹെക്ടർ ചെറുധാന്യ കൃഷിക്ക് യോഗ്യമായ കൃഷിഭൂമിയുണ്ട്. ഇതിൽ പകുതിയിടങ്ങളിൽപ്പോലും സ്ഥിരമായി കൃഷിയിറക്കാനുള്ള നടപടികളുണ്ടാവുന്നില്ല. ഇതിൽ 80 ശതമാനം ഇടങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാനുള്ള നടപടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

ചെറുധാന്യകൃഷിക്ക് യോഗ്യമല്ലാത്ത ഇടങ്ങളിൽ ചെറുപയർ, ഉഴുന്ന്, എള്ള്, നിലക്കടല എന്നിവയുടെ കൃഷിയും വികസിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ കർഷകർക്ക് പരിശീലനം, വിത്ത്, വളം, കാർഷികോപകരണങ്ങൾ എന്നിവ ലഭ്യമാക്കും. ഉത്പന്നങ്ങളുടെ സർട്ടിഫിക്കേഷനും നടപടിയുണ്ടാകും. 1.48 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടപ്പാക്കുക. കർഷകരെ സഹായിക്കുന്നതിനായി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ 10 ഫീൽഡ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വിദൂര ആദിവാസി ഊരുകളിലേക്കടക്കം എത്തുന്നതിന് വാഹനസൗകര്യം ഏർപ്പെടുത്തും.

Advertisement
Advertisement