ഉമ്മൻചാണ്ടിയുടെ ജീവിതം അവിശ്രമം എന്നതിന്റെ പര്യായം: മുഖ്യമന്ത്രി

Saturday 20 July 2024 12:40 AM IST

തിരുവനന്തപുരം: അവിശ്രമം എന്ന വാക്കിന്റെ പര്യായമായിരുന്നു ഉമ്മൻചാണ്ടിയുടെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹവുമായി പലകാര്യങ്ങളിലും യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പുമുണ്ടായിരുന്നു. എന്നാൽ, എന്തും തുറന്നുപറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

യോജിപ്പുകളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിച്ചവരായിരുന്നു ഞങ്ങൾ. ഞാൻ അങ്ങോട്ടും അദ്ദേഹം ഇങ്ങോട്ടും. ജനാധിപത്യത്തിൽ വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുണ്ട്. വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യാനും എതിർ അഭിപ്രായങ്ങളെ നിശബ്ദമാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തിൽ സഹകരിക്കുകയാണ് ജനാധിപത്യ ധർമ്മം.

രോഗാതുരമായ കാലത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മകഥയിൽ കുറച്ച് കാര്യങ്ങളേ പറയുന്നുള്ളു. രോഗത്തിന്റെ മദ്ധ്യത്തിലും വളരെ പ്രസന്നതയോടെയാണ് അദ്ദേഹം നിലകൊണ്ടത്. അതിജീവനത്തിന്റെ ഉത്തമമാതൃക കാട്ടിയാണ് ഉമ്മൻചാണ്ടി വിടവാങ്ങിയത്. പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള പ്രചോദനമാണ് ഉമ്മൻചാണ്ടിയുടെ ജീവിതം. നമ്മുടെ തളർച്ച ആഗ്രഹിക്കുന്നവരുണ്ടാവുമെങ്കിലും തളരാതിരിക്കുകയാണ് പുതുതലമുറ ചെയ്യേണ്ടത്.

ശശിതരൂർ എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, കെ.ശിവദാസൻ നായർ, ജോസഫ്.എം.പുതുശ്ശേരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

'ആദ്യം സന്ദർശിച്ചത്

ഉമ്മൻചാണ്ടിയെ'

രാഷ്ട്രീയമായി ഇരുചേരികളിലായിരുന്നെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് കോട്ടമുണ്ടായിട്ടില്ല. 2016ൽ തന്നെ മുഖ്യമന്ത്രിയായി പാർട്ടി നിയോഗിച്ചപ്പോൾ ആദ്യമായി സന്ദർശിച്ചത് ഉമ്മൻചാണ്ടിയെയാണ്.ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഏറെ സംസാരിച്ചു. മികച്ച സഹകരണവും ക്രിയാത്മക നിർദ്ദേശവുമാണ് അദ്ദേഹം നൽകിയത്. ജനാധിപത്യവുമായി ബന്ധപ്പെട്ട് ക്രിയാത്മക നിർദ്ദേശങ്ങൾ വയ്ക്കുന്നവർക്കേ നിലനിൽപ്പുള്ളൂ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സുനാമി വരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയാണ് അന്ന് ഇടതുപക്ഷം നൽകിയത്.

പിണറായിയുടെ നിലപാട്

മറക്കാനാവില്ല: ചാണ്ടി ഉമ്മൻ

ഒരാളെ നാം തിരിച്ചറിയുന്നത് നമ്മുടെ പ്രതിസന്ധിഘട്ടത്തിലായിരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ചാണ്ടി ഉമ്മൻ എം.എൽ.എ. തന്റെ പിതാവിന് ബുദ്ധിമുട്ടുണ്ടായ ഒരു ഘട്ടത്തിൽ പിണറായി എടുത്ത നിലപാട് മറക്കാനാവാത്തതാണ്. തന്റെ പിതാവിന്റെ ആരോഗ്യത്തിന് വേണ്ടി മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളും ഏറെയാണ്. പരസ്പര ബഹുമാനം എന്തെന്ന് അദ്ദേഹം കാട്ടിത്തന്നു.

Advertisement
Advertisement