പാകിസ്ഥാനെ അനായാസം തോല്‍പ്പിച്ച് ഇന്ത്യ, വനിതകളുടെ ഏഷ്യാകപ്പില്‍ ജയത്തോടെ തുടക്കം

Friday 19 July 2024 11:49 PM IST

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ശ്രീലങ്കയിലെ ധാംബുള്ളയില്‍ നടന്ന മത്സരത്തില്‍ 35 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും വിജയിച്ചത്. ഇത്തവണ ട്വന്റി 20 ഫോര്‍മാറ്റിലാണ് വനിതകളുടെ ഏഷ്യാകപ്പ് നടത്തുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്

സ്‌കോര്‍: പാകിസ്ഥാന്‍ 108-10 (19.2), ഇന്ത്യ 109-3 (14.1)

109 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പാക് വനിതകള്‍ക്ക് കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ശേഷമാണ് സ്മൃതി മന്ദാന 45(31) ഷഫാലി വര്‍മ്മ 40(29) സഖ്യം പിരിഞ്ഞത്. ദായാലന്‍ ഹേമലത 14(11) റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ 5*(11), ജെമീമ റോഡ്രിഗ്‌സ് 3*(3) എന്നിവര്‍ പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി സയേദ അരൂബ് ഷാ രണ്ട് വിക്കറ്റുകളും നഷ്ര സന്ധു ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 19.2 ഓവറില്‍ 108 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയാണ് പാകിസ്ഥാനെ തകര്‍ത്തത്. രേണുക സിംഗ്, പൂജ വസ്ത്രാര്‍ക്കര്‍, ശ്രീയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 25(35) റണ്‍സ് നേടിയ സിദ്ര അമീന്‍ ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. തുബ ഹസ്സന്‍ 22(19), ഫാത്തിമ സന 22(6) മുനീബ അലി 11(11) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.

എട്ട് ടീമുകള്‍ വീതം മത്സരിക്കുന്ന രണ്ട് ഗ്രൂപ്പുകളായിട്ടാണ് ഇത്തവണ വനിതകളുടെ ഏഷ്യാ കപ്പ് നടത്തുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, യുഎഇ എന്നിവരാണ് ഒരു ഗ്രൂപ്പില്‍, മറുവശത്ത് ബി ഗ്രൂപ്പില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവരാണ് അണിനിരക്കുന്നത്.

Advertisement
Advertisement