'കടപ്പുറത്ത് വച്ച് കാള കുത്തിയതിന് വീട്ടിലെത്തി അമ്മയെ തല്ലരുത് '

Saturday 20 July 2024 12:49 AM IST

□എം.വി.ഗോവിന്ദന് വെള്ളാപ്പള്ളിയുടെ മറുപടി

തിരുവനന്തപുരം: കടപ്പുറത്തു വച്ച് കാള കുത്തിയതിന് വീട്ടിലെത്തി അമ്മയെ തല്ലരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ഉപദേശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തെ വെള്ളാപ്പള്ളി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോയെന്ന ആക്ഷേപത്തിനായിരുന്നു മറുപടി. യോഗത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് അദ്ദേഹം അങ്ങനെ ആക്ഷേപിച്ചതെന്നും വെള്ളാപ്പള്ളി കേരളകൗമുദിയോട് പറഞ്ഞു.

വേണ്ടത്ര പഠിച്ചിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ പറയില്ലായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയമാണ് ഇതിന് പിന്നിലുള്ള വികാരമെങ്കിൽ ചോദിക്കാനുള്ളത്, വടക്ക് തീയർ ഒരുപാടുള്ള സ്ഥലമല്ലേ... അവിടെ പാർട്ടിയുടെ വോട്ട് എന്തേ ഇല്ലാതെ പോയി?​ അവിടെ നല്ലൊരു ടീച്ചർ നിന്നതല്ലേ ?​ ഒരു ലക്ഷത്തി പതിന്നാലായിരം വോട്ടിനല്ലേ ടീച്ചർ തോറ്റത്?​ അവിടത്തെ പാർട്ടി വോട്ട് എവിടെപ്പോയി?​ അവിടത്തെ തീയ വോട്ട് എവിടെപ്പോയി?​ സ്വന്തം കണ്ണിലെ കോല് കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് കാണാൻ പോകരുത്. പിണറായി എന്താ ഇങ്ങനെ പറയാത്തത്?​ പിണറായിക്ക് കാര്യമറിയാം. അതു കൊണ്ട് കഥയറിയാതെ ആട്ടം കാണരുത്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാൻ നടക്കുകയാണ്. അതു കൊണ്ട് എവിടെ ചെന്നെത്തി?​ ഉത്തരത്തിലിരുന്നതും പോയി,​ കാലിൻ ചുവട്ടിൽ കിടന്നതും പോയി. കാര്യങ്ങൾ നന്നായി പഠിക്കണമെന്ന് മാത്രമാണ് മാഷിനോട് പറയാനുള്ളത്- വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് ചാതുർവർണ്യ വ്യവസ്ഥിതി നടപ്പാക്കാൻ ബി.ജെ.പിക്കും ആർ.എസ്.എസിനും വെള്ളാപ്പള്ളി കൂട്ടു നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു.

Advertisement
Advertisement