റീസർവേയിൽ കണ്ടെത്തുന്ന അധികഭൂമിക്ക് ഉടമസ്ഥാവകാശം, നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ
തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ കഴിയുമ്പോൾ റവന്യു രേഖകളിൽ ഉള്ളതിൽ അധികം ഭൂമി കൈവശമുള്ളവർക്ക് അതിന്റെ ഉടമസ്ഥാവകാശം നൽകാനുള്ള ബിൽ ഒക്ടോബറിലോ നവംബറിലോ ചേരുന്ന പ്രത്യേക നിയസഭാ സമ്മേളനത്തിൽ കൊണ്ടുവരും. കരട് നിയമവകുപ്പിന്റെ പരിഗണനയിൽ. ഉദാഹരണത്തിന് റവന്യു രേഖയിൽ 50 സെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് റീസർവേയിൽ അഞ്ച് സെന്റ് കൂടുതൽ കണ്ടെത്തിയാൽ അതിന്റെ അവകാശംകൂടി ഉടമയ്ക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. എന്നാൽ, സർക്കാർ പട്ടയഭൂമിയാവരുത് എന്നതടക്കമുള്ള വ്യവസ്ഥകളുണ്ടാകും.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന റവന്യു വകുപ്പിന്റെ പുതിയ മുദ്രാവാക്യ പ്രകാരമാണ് നിയമനിർമ്മാണം. അധിക ഭൂമി ക്രമപ്പെടുത്തി നൽകുന്നതിന് ഫീസ് ഈടാക്കണോ, ക്രമപ്പെടുത്തുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കണോ തുടങ്ങിയ കാര്യങ്ങൾ ചട്ടനിർമ്മാണമടക്കം നിയമസഭയുടെ പരിഗണനയ്ക്ക് വന്നശേഷം തീരുമാനിക്കും.
നിലവിൽ റവന്യുരേഖയിൽ ഉള്ളതിൽ അധികമായുള്ള ഭൂമിയുടെ കരം ഈടാക്കാറില്ല. ഈ ഭൂമി ഉടമയ്ക്ക് കൈമാറ്റം ചെയ്യാമെങ്കിലും വാങ്ങുന്നയാൾക്ക് പോക്കുവരവ് ചെയ്ത് സ്വന്തം പേരിൽകൂട്ടാൻ വ്യവസ്ഥയില്ല. പുതിയ നിയമം വരുന്നതോടെ ഇതിന് പരിഹാരമാവും. എന്നാൽ റവന്യു രേഖകളിലുള്ളതിനേക്കാൾ കുറവ് ഭൂമിയാണ് കണ്ടെത്തുന്നതെങ്കിൽ പരിഹാരം നിർദ്ദേശിക്കുന്നില്ല.
ക്രമപ്പെടുത്താൻ
മൂന്ന് വ്യവസ്ഥകൾ
1.കണ്ടെത്തുന്ന അധിക ഭൂമി സർക്കാർ ഭൂമിയോട്
ചേർന്നാവരുത്
2.തർക്കങ്ങളുള്ളതാവരുത്, കൃത്യമായ
അതിർത്തിക്കുള്ളിലാവണം
3.സർക്കാർ പട്ടയഭൂമിയാവരുത്
ഡിജിറ്റൽ റീസർവേ ഇതുവരെ
2022 നവംബർ ഒന്നിന് തുടങ്ങി. 201 വില്ലേജുകളിൽ പൂർത്തിയാക്കി 9(2) വിജ്ഞാപനമിറക്കി. നാലു വർഷം കൊണ്ട് 1555 വില്ലേജുകളിൽ പൂർത്തിയാക്കണം. 9(2) വിജ്ഞാപനമിറക്കിയ ശേഷം അപാകത ശ്രദ്ധയിൽപ്പെട്ടാൽ ഭൂഉടമകൾക്ക് സർവേ അസി. ഡയറക്ടർക്ക് ഓൺലൈനായി പരാതി നൽകാം. ഇത് പരിഹരിച്ചാവും അന്തിമ വിജ്ഞാപനമിറക്കുക.