രാവിലെ മുതൽ രാത്രിവരെ വിഴിഞ്ഞത്ത് വൻതിരക്ക് , കാരണമറിഞ്ഞ് ആൾക്കാർ വീണ്ടുമെത്തി
വിഴിഞ്ഞം: സീസണിൽ വിഴിഞ്ഞത്ത് വൻ തിരക്ക്.ഏതാനും ദിവസങ്ങളായി വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് കണവയും നവരയും കൊഞ്ചും യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ ലഭിക്കുന്ന മഴ കാരണമാണ് മീൻ കൂട്ടത്തോടെ ലഭിക്കാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വാള മത്സ്യത്തിന്റെ ലഭ്യതക്കുറവുണ്ട്. ഏതാനും ദിവസങ്ങളായി ചെറുകൊഴിയാള മത്സ്യം എല്ലാ വള്ളക്കാർക്കും ലഭിക്കുന്നുണ്ട്. കൂടുതലായി ലഭിക്കുന്നതിനാൽ തന്നെ ഇവ വളം നിർമ്മാണത്തിന് പോവുകയാണ്. ചെറു കൊഴിയാളയ്ക്ക് തുച്ഛമായ വിലയാണ് ഇപ്പോൾ.രാവിലെ 800 രൂപയ്ക്ക് പോകുന്നത് വൈകിട്ടോടെ 300ലെത്തും.
മുരൾ മത്സ്യവും യഥേഷ്ടം ലഭിക്കുന്നുണ്ട്. മത്സ്യ ലഭ്യതയറിഞ്ഞ് വാങ്ങാനെത്തുന്നവരെ കൊണ്ട് തീരം നിറഞ്ഞിരിക്കുകയാണ്.ഇന്നലെ വൈകിട്ട് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുടുംബസമേതവും സുഹൃത് സംഘങ്ങളായും മീൻ വാങ്ങാനെത്തുന്നുണ്ട്. കൊഞ്ചും വലിയ ക്ലാത്തിയും ലഭിച്ചതോടെ കയറ്റുമതി കമ്പനിക്കാരും തീരത്ത് എത്തുന്നുണ്ട്.രാത്രി ഏഴര വരെയും തീരം തിരക്കലമരുകയാണ്.