അതിതീവ്ര മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും നാശംവിതച്ച അതിതീവ്ര മഴയ്ക്ക് നേരിയ ശമനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ തുടരുകയാണെങ്കിലും തീവ്രത കുറഞ്ഞു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദ്ദ പാത്തിയും, ബംഗാൾ ഉൾക്കടലിൽ ഒഡിഷ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദവും സ്ഥിതി ചെയ്യുന്നു. ഇത് തീവ്ര ന്യൂനമർദമായി ഇന്ന് ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഒരാഴ്ച സംസ്ഥാനത്ത് 110 ശതമാനം അധിക മഴ ലഭിച്ചു. 150 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 315.5 മി.മീ ആണ് ലഭിച്ചത്. കണ്ണൂരിൽ 171, കോഴിക്കോട് 132, വയനാട്ടിൽ 95 ശതമാനം വീതം അധിക മഴ ലഭിച്ചു. കാലവർഷത്തിലെ മഴക്കുറവ് 11 ശതമാനമായി കുറഞ്ഞു. വെള്ളിയാഴ്ചവരെ 1065.7 മി.മീ. മഴ ലഭിക്കേണ്ടിടത്ത് 951.7 മി.മീ. ആണ് ലഭിച്ചത്.