കേരള, എം.ജി, മലയാളം വി.സി നിയമനം: ഗവർണറുടെ സെർച്ച് കമ്മിറ്റിക്ക് സ്റ്റേ

Saturday 20 July 2024 1:20 AM IST

കൊച്ചി: ഫിഷറീസ് സർവകലാശാലയ്ക്ക് (കുഫോസ്) പിന്നാലെ കേരള, മഹാത്മാഗാന്ധി, മലയാളം സർവകലാശാലകളുടെ വി.സി നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതും ഹൈക്കോടതി സ്റ്റേചെയ്തു.

മലയാളം സർവകലാശാലയിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ സർക്കാരും മറ്റു രണ്ട് സർവകലാശാലകളുടെ കാര്യത്തിൽ സെനറ്റ് അംഗങ്ങളുമാണ് കോടതിയെ സമീപിച്ചത്. ചാൻസലർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജികളിൽ വിശദ വാദം കേൾക്കും.
കേരള സർവകലാശാലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സെനറ്റംഗം ഡോ.എസ്. സോജുവും മറ്റുമാണ് ഹർജി നൽകിയത്. യു.ജി.സി, സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായാണിതെന്ന് ഹർജിയിൽ പറയുന്നു. രണ്ട് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയ കമ്മിറ്റിയാണ് ചാൻസലർ രൂപീകരിച്ചത്. സെർച്ച് കമ്മിറ്റിയിൽ മൂന്നു മുതൽ അഞ്ചു വരെ അംഗങ്ങളും സെനറ്റിന്റെ പ്രതിനിധിയും ഉണ്ടാകണമെന്നാണ് ചട്ടമെന്നും ബോധിപ്പിച്ചു. എം.ജി സർവകലാശാലയിൽ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗമായ ഡോ .ലിബിൻ കുര്യാക്കോസ് അടക്കമുള്ളവരാണ് ഹർജി നൽകിയത്.
മലയാളം സർവകലാശാലയിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തി ജൂൺ 29ന് ചാൻസലറും ജൂലായ് ഒന്നിന് സ്വന്തം നിലയ്ക്ക് സർക്കാരും സെർച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ചാൻസലർക്ക് ഇതിന് അധികാരമില്ലെന്നും രണ്ടു പേരെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നുമാണ് സർക്കാർ വാദം.

Advertisement
Advertisement