വിദേശവിദ്യാർത്ഥികളെ ആകർഷിക്കാനും ശ്രമം, വിദേശപഠനത്തിന് തടയിടാൻ സ്വകാര്യ സർവകലാശാലകൾ

Saturday 20 July 2024 1:35 AM IST

ബിൽ വരുന്ന നിയമസഭാസമ്മേളനത്തിൽ

തിരുവനന്തപുരം:വിദേശപഠനത്തിനുള്ള മലയാളികളുടെ ഒഴുക്ക് കുറയ്ക്കാൻ ആധുനിക കോഴ്സുകളും ലോകോത്തര സൗകര്യങ്ങളുമുള്ള സ്വകാര്യസർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമംതയ്യാറായി. നവംബറിലെ പ്രത്യേക നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കർശന മാനദണ്ഡങ്ങളോടെ വിശ്വാസ്യതയുള്ള ഏജൻസികൾക്കായിരിക്കും സ്വകാര്യവാഴ്സിറ്റി തുടങ്ങാൻ അനുമതി നൽകുക. സർക്കാരിന്റെ പണംമുടക്കാതെ വിദേശത്തേതുപോലെ സൗകര്യങ്ങൾ സ്വകാര്യവാഴ്സിറ്റികളിൽ ലഭ്യമാക്കാനാവും. വാഴ്സിറ്റികളോട് ചേർന്ന് ടൗൺഷിപ്പുകളും പാർപ്പിട,വ്യാപാര സമുച്ചയങ്ങളും വരും.

പ്രതിവർഷം 35,000നും 40,000നുമിടയിൽ മലയാളികൾ വിദേശപഠനത്തിന് പോവുന്നതായാണ് സർക്കാർ കണക്ക്. യഥാർത്ഥകണക്ക് ഇരട്ടിയിലേറെയുണ്ടാവും. ഒരുഏജൻസി മാത്രം 7000പേരെ വിദേശത്ത് അയയ്ക്കുന്നു. വിദേശത്ത് പോവുന്നതിൽ ഭൂരിഭാഗവും നിലവാരമില്ലാത്ത കോളേജുകളിലും അംഗീകാരമില്ലാത്ത കോഴ്സുകളിലുമാണ് എത്തപ്പെടുന്നത്. ലോകോത്തര നിലവാരത്തിലെ സൗകര്യങ്ങളൊരുക്കി വിദ്യാർത്ഥികളെ ഇവിടെത്തന്നെ പഠിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.

'കേരളത്തിൽ പഠിക്കുക' എന്ന് പ്രചാരണത്തോടെ, വിദേശവിദ്യാർത്ഥികളെ ആകർഷിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇക്കൊല്ലം കേരള സർവകലാശാലയിൽ-2600, എം.ജിയിൽ- 855, കുസാറ്റിൽ-1590 വിദേശ വിദ്യാർത്ഥികളാണ് അപേക്ഷിച്ചത്.

ഇരുപതു വർഷമായി പ്രവർത്തിക്കുന്ന കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്കായിരിക്കും സ്വകാര്യ വാഴ്സിറ്റി അനുവദിക്കുക. ഇരുപതുകോടി സ്ഥിരനിക്ഷേപവും മുപ്പതുകോടി പ്രവർത്തനഫണ്ടും വേണം. നഗരസഭയിൽ-20, മുനിസിപ്പാലിറ്റിയിൽ-30, പഞ്ചായത്തിൽ-40 ഏക്കർ ഭൂമിവേണം. ക്യാമ്പസ് പ്രത്യേകമാണെങ്കിൽ വാഴ്സിറ്റി ആസ്ഥാനത്തിന് 10ഏക്കറുണ്ടാവണം. കേരളത്തിൽ ഭൂമിവില ഉയർന്നതായതിനാലും നഗരത്തിൽ ഇത്രയും ഭൂമികണ്ടെത്തുക പ്രയാസമായതിനാലും ഭൂവിസ്തൃതിയിൽ ഇളവുനൽകിയേക്കും. തമിഴ്നാട്ടിൽ-100 കർണാടകത്തിൽ-25 ഏക്കർ ഭൂമിയാണ് വേണ്ടത്. 5വർഷം പ്രവർത്തിച്ചാൽ കേരളത്തിലെവിടെയും ഓഫ്‌ക്യാമ്പസ്, സ്റ്റഡിസെന്ററുകൾ തുടങ്ങാൻ കഴിയും. മെഡിക്കൽ,എൻജിനിയറിംഗ്,നിയമം, മാനേജ്മെന്റ് എന്നിവയിലാവും സ്വകാര്യവാഴ്സിറ്റികളുണ്ടാവുക.

ആശങ്കയ്ക്കും കുറവില്ല

സ്വകാര്യവാഴ്സിറ്റി വരുന്നതോടെ പൊതുസർവകലാശാലകൾ പ്രതിസന്ധിയിലാവുമെന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആശങ്കയുണ്ട്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമുള്ളവർക്ക് സ്വകാര്യ സർവകലാശാലകൾ അപ്രാപ്യമാവും. സംവരണവും ഫീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്ന് വാഴ്സിറ്റി ജീവനക്കാരുടെ ഫെഡറേഷൻ (എഫ്.യു.ഇ.ഒ) വിലയിരുത്തി.

13ലക്ഷം

വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പഠിക്കുന്നത്

13.2

ഇന്ത്യക്കാരാണ് വിദേശപഠനത്തിലുള്ളത്

ഗുണങ്ങൾ ഏറെ

സർക്കാർ പണംമുടക്കാതെ മികച്ച പഠനസൗകര്യം

തൊഴിൽ ഉറപ്പുള്ള നൂതന കോഴ്സുകൾ

ഐ.ഐ.ടി, വിദേശ വാഴ്സിറ്റി സഹകരണം

'' സ്വകാര്യസർവകലാശാലകളെ മാറ്റിനിറുത്താൻ കഴിയില്ല. വിദേശവിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനാണ് ശ്രമം''

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ മന്ത്രി

Advertisement
Advertisement