സ്വർണക്കടത്ത് കേസ് വന്നതും സോളാർ പോലെ: വി.ഡി.സതീശൻ

Saturday 20 July 2024 1:59 AM IST

തിരുവനന്തപുരം: സോളർ കേസ് പോലെയാണ് സ്വർണക്കടത്ത് കേസ് വന്നതെന്നും, അത് ഏറ്റുപിടിക്കണമെന്ന നിർദ്ദേശവുമായി ചിലർ തന്നെ സമീപിച്ചെങ്കിലും താൻ തയാറായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ സോളർ(വി)ശേഷം എന്ന പുസ്തക പ്രകാശനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് വിവാദത്തിൽ അന്ന് ആഞ്ഞടിച്ചിരുന്നെങ്കിൽ സോളർ കേസ് ഏറ്റുപിടിച്ചവരും താനും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്. പക്ഷേ, നിയമസഭയിൽ താൻ മുഖ്യമന്ത്രി പിണറായി വിജയനോട്, കാലം താങ്കളുടെ മുഖത്തുനോക്കി കണക്കു ചോദിക്കുകയാണെന്നു പറഞ്ഞു. സോളർ കേസിന് ആധാരമായ കത്തു തയാറാക്കാൻ ഒത്താശ ചെയ്യുകയും പണം ചെലവഴിക്കുകയും മാദ്ധ്യമങ്ങൾക്കു നൽകുകയും ചെയ്തവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി നടക്കുന്നുണ്ട്.

ഉമ്മൻചാണ്ടി സർക്കാരിനെ ഇറക്കാൻ പ്രതിപക്ഷം നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം പരിഹാസ്യമായി. എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാനാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. ജുഡീഷ്യൽ കമ്മിഷനായി നിയമിതനായ റിട്ട.ജഡ്ജിയെക്കുറിച്ച് കേട്ടപ്പോൾ താൻ തലയിൽ കൈ വച്ചു. അദ്ദേഹത്തെ നിയമിച്ചതിൽ ഉമ്മൻ ചാണ്ടിയെ താൻ അതൃപ്തി അറിയിച്ചെന്നും സതീശൻ പറഞ്ഞു.

ഡോ. ശശി തരൂർ എം.പി റോസ് മേരിക്കു നൽകി പുസ്തകം പ്രകാശനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, വേണു രാജാമണി, തോമസ് ജേക്കബ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മറിയാമ്മ ഉമ്മൻ ചാണ്ടി എന്നിവർ സംസാരിച്ചു

Advertisement
Advertisement