അപകടസ്ഥലത്ത് റഡാർ ഉടൻ എത്തിച്ചു, രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ കൊണ്ടുവരണമെന്ന് അർജുന്റെ കുടുംബം
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ രാത്രി ഒൻപത് മണിക്ക് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
ബംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിച്ചു. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവന്നത്. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാവികസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങൾ ചേർന്നാണ് രക്ഷാദൗത്യം തുടരുക. കേരളത്തിൽ നിന്ന് എംവിഐ സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
റഡാർ എത്തിയാൽ മണ്ണിനടിയിൽ മാത്രമല്ല, നദിയിലും തെരച്ചിൽ നടത്തും. ലോറിയുടെ ലൊക്കേഷൻ അവസാനമായി കാണിച്ച സ്ഥലത്തേക്ക് ഇനി നൂറ് മീറ്ററോളം ദൂരമുണ്ട്. ആറാൾ പൊക്കത്തിലാണ് മണ്ണിടിഞ്ഞ് കിടക്കുന്നത്. ഇന്ന് ഉച്ചയോടെ ശുഭവാർത്ത കേൾക്കാൻ സാധിക്കുമെന്നാണ് കെസി വേണുഗോപാൽ എംപി പറഞ്ഞത്. കർണാടക മുഖ്യമന്ത്രി വിവരങ്ങൾ നേരിട്ട് അറിയിക്കുന്നുണ്ടെന്നും കാലാവസ്ഥ പ്രതികൂലമായതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
17ാം തീയതി രാവിലെയും ഉച്ചയ്ക്കുമെല്ലാം കേരളത്തിൽ നിന്ന് പോയ അർജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും കർണാടക പൊലീസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്ന് അര്‍ജുന്റെ സഹോദരി പറഞ്ഞു. അർജുന്റെ കുടുംബം ബന്ധപ്പെടാൻ വൈകി എന്ന ഉത്തര കന്നട ജില്ലാ പൊലീസ് മേധാവിയുടെ വാദവും കുടുംബം തള്ളി. സംഭവം നടന്ന ദിവസം തന്നെ പൊലീസിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചിരുന്നു. പിറ്റേ ദിവസം (ബുധൻ) രണ്ടു തവണ അങ്കോള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ബന്ധുക്കൾ പരാതി നൽകി.
എഫ്ഐആർ ഇടാൻ പോലും പൊലീസ് തയാറായില്ല. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എഫ്ഐആര്‍ ഇട്ടില്ല. എസ്പി പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്. കുറച്ച് കൂടെ നേരത്തെ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും കുടുംബം പറഞ്ഞു. ബുധനാഴ്ച തന്നെ ചേവായൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നെന്ന് അർജുന്റെ സഹോദരിമാർ പറഞ്ഞു.
കോഴിക്കോട്ടെ വീട്ടിൽ അര്‍ജുന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്‍റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാത്രി രക്ഷാപ്രവർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു. എന്നാൽ മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ തെരച്ചിൽ നിർത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.