നിപ ബാധയെന്ന് സംശയം; കോഴിക്കോട് 14കാരൻ ചികിത്സയിൽ

Saturday 20 July 2024 9:14 AM IST

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരൻ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്രവ സാമ്പിളുകൾ ഇന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. നിലവിൽ ആരോഗ്യനില തൃപ്‌തികരമെന്നാണ് വിവരം.

ഇന്നലെയാണ് കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതോടെ ഉടൻതന്നെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണ് എന്നാണ് വിവരം. എന്നാൽ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധനാ ഫലം വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ.

സംഭവത്തിൽ ആരോഗ്യമന്ത്രി ഉടൻതന്നെ അടിയന്തര യോഗം വിളിക്കുമെന്നാണ് വിവരം. സ്ഥിരീകരണം ഉണ്ടായാൽ ആരോഗ്യമന്ത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കോഴിക്കോട്ടേക്ക് തിരിക്കും.