100 വർഷം മുമ്പ് മലയാളി മത്സരിച്ച പാരീസ്
നൂറ് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഒളിമ്പിക്സിനെ വരവേൽക്കാൻ പാരീസ് ഒരുങ്ങുമ്പോൾ അവിടെ മായാത്തൊരു മലയാളി മുദ്രയുണ്ട്. ആദ്യമായി ഒരു മലയാളി ഒളിമ്പിക്സിൽ മത്സരിച്ചതും പാരീസിലാണ്. കൃത്യമായി പറഞ്ഞാൽ ഒരു നൂറ്റാണ്ട് മുമ്പ്, 1924 ജൂലായ് എട്ടിന്. ചരിത്രത്തിലെ എട്ടാമത്തെ ഒളിമ്പിക്സും പാരീസിലെ രണ്ടാമത്തെ ഒളിമ്പിക്സുമായിരുന്നു അത്. അന്ന് 110 മീറ്റർ ഹർഡിൽസിൽ മത്സരിച്ച കണ്ണൂർ ചെറുവാരി കൊറ്റിയത്ത് ലക്ഷ്മണൻ എന്ന സി. കെ. ലക്ഷ്മണൻ ആണ് ആദ്യ മലയാളി ഒളിമ്പ്യൻ.ഹീറ്റ്സിൽ മെഡൽ നേടാനായില്ലെങ്കിലും ലക്ഷ്മണന്റെ ഒളിമ്പിക്സ് അരങ്ങേറ്റം ഇന്ത്യൻ സ്പോർട്സ് ചരിത്രത്തിലെ രജതരേഖയായി ഇന്നും നിലനിൽക്കുന്നു. 1924ൽ ഡൽഹിയിൽ നടന്ന നാഷണൽ അത്ലറ്റിക്സ് മീറ്റിൽ ഹഡിൽസിൽ വിജയിയായിരുന്നു ലക്ഷ്മണൻ. ഈ വിജയമാണ് ലക്ഷ്മണനെ ഒളിമ്പിക്സിൽ എത്തിച്ചത്. അത്ലറ്റിക്സിനു പുറമെ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു .
പിൽക്കാലത്ത് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചു. 1972ൽ മ്യൂണിച്ചിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ കണ്ണൂർ സ്വദേശി മാനുവൽ ഫ്രെഡറിക്സ് അംഗമായതിലൂടെ മലയാളിത്തിലേക്ക് ആദ്യ ഒളിമ്പിക് മെഡൽ വന്നു. 2021ൽ ടോക്യോയിൽ നിന്ന് പി.ആർ ശ്രീജേഷാണ് കേരളത്തിലേക്ക് ഒരു മെഡൽ എത്തിച്ചത്.