നിപ ബാധയെന്ന് സംശയം; 14കാരന്റെ നില അതീവ ഗുരുതരം, സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ

Saturday 20 July 2024 11:47 AM IST

കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്കയച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ചികിത്സ തേടിയ കുട്ടിയെ നിപ ലക്ഷണങ്ങൾ കണ്ടതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേർ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

2018 മുതൽ ഇതുവരെയുള്ള കാലയളവിൽ നാല് തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ തവണ നിപ രോഗബാധയെ തുടർന്ന് 17പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. 2021ൽ 12കാരനും 2023 ഓഗസ്റ്റിലും സെപ്‌തംബറിലുമായി രണ്ടുപേരും മരിച്ചു.

അതേസമയം, കോഴിക്കോട് പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരണപ്പെട്ടു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുല‍ർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം നടത്തുക.